വായ്‌പ അതിവേഗം അക്കൗണ്ടിൽ : ആപ്പുമായി റിസർവ് ബാങ്ക്, യു.പി.ഐ മാതൃകയിൽ വായ്പ
വായ്പ വിതരണത്തിനും ഡിജിറ്റൽ പ്ളാറ്റ്ഫോം
കൊച്ചി: ഉപഭോക്താക്കൾക്ക് അതിവേഗം വായ്പ ലഭ്യമാക്കാൻ യുണിഫൈഡ് ലെൻഡിംഗ് ഇന്റർഫേയ്‌സ് (യു.എൽ.ഐ) എന്ന ഡിജിറ്റൽ പ്ളാറ്റ്ഫോം റിസർവ് ബാങ്ക് ഒരുക്കുന്നു. യു.പി.ഐ മാതൃകയിലുള്ള ആപ്പ് ആണിതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.
യു.എൽ.ഐയുടെ പൈലറ്റ് പദ്ധതി കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആരംഭിച്ചിരുന്നു.
ഡിജിറ്റലായി അർഹരെ കണ്ടെത്താനും വായ്പാതുക അതിവേഗം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറാനും യു.എൽ.ഐയിലൂടെ കഴിയും. ജൻ ധൻ ആധാർ മൊബൈൽ (ജെ.എ.എം), യു.പി.ഐ, യു.എൽ.ഐ ത്രയം ഇന്ത്യയുടെ ഡിജിറ്റൽ ധന വിപണിയെ ലോക നിലവാരത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ലെൻഡിംഗ് ഇന്റർഫേയ്സ്
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ക്രെഡിറ്റ് വിശകലന ഏജൻസികൾ എന്നിവരുടെ കൈവശമുള്ള വിവരങ്ങൾ ഡിജിറ്റലായി വിലയിരുത്തി അതിവേഗം വായ്പ അനുവദിക്കുന്ന സംവിധാനമാണ് ഡിജിറ്റൽ ലെൻഡിംഗ് ഇന്റർഫേയ്‌സ്. ഉപഭോക്താക്കളുടെ വ്യക്തിഗത പരിശോധനാ സമയം ഗണ്യമായി കുറയും.
ഡിജിറ്റലായി സമർപ്പിക്കുന്ന വായ്പ അപേക്ഷകൾ അതിവേഗം പരിശോധിക്കും. ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഭൂമിയുടെ ഉടമസ്ഥതാ രേഖകൾ തുടങ്ങിയ വിവരങ്ങൾ ഡിജിറ്റലായി പരിശോധിച്ച് വായ്പ അനുവദിക്കും. നിർമ്മിത ബുദ്ധിയും ഉപയോഗപ്പെടുത്തി അക്കൗണ്ടിലേക്ക് തുക കൈമാറും.
യു.പി.ഐ പേയ്മെന്റിന് സമാനമായ വിപ്ളവം വായ്പാ വിതരണ രംഗത്തും സാദ്ധ്യമാകുമെന്ന് ശക്തികാന്ത് ദാസ് ,റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു