ഡൽഹിയിൽ 'താമര'ത്തിളക്കം, ഭരണം പിടിച്ച് ബിജെപി; അടിപതറി ആപ്പ്

ദില്ലി:ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ നാലാം മണിക്കൂറിൽ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് തെളിയുന്നത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും ഇപ്പോൾ ബി ജെ പി കുതിക്കുകയാണ്. കേവല ഭൂരിപക്ഷം കടന്നുള്ള ലീഡ് നില 44 സീറ്റിലെത്തിയിട്ടുണ്ട്.
ലീഡ് നിലയിൽ കുതിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ് ബിജെപി. ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി. ഡൽഹി മുഖ്യമന്ത്രി ആരാകുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് നേരത്തെ സച്ച്‌ദേവ വ്യക്തമാക്കിയിരുന്നു.
പാർട്ടി പ്രതീക്ഷിച്ച ഫലം തന്നെയാണ് വോട്ടിംഗ് പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത്. എന്നിരുന്നാലും അവസാന ഫലത്തിനായി കാത്തിരിക്കും. പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഠിനാധ്വാനം ചെയ്തു. ഈ വിജയം കേന്ദ്ര നേതൃത്വത്തിന്റെ വിജയമായിരിക്കും. ഡൽഹിയിലെ പ്രശ്നങ്ങൾ മുൻനിർത്തിയാണ് തങ്ങൾ മത്സരിച്ചത്. പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിക്കാനാണ് അരവിന്ദ് കേജ്‌രിവാൾ ശ്രമിച്ചതെന്നും സച്ച്‌ദേവ പറഞ്ഞിരുന്നു.