മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് തുഞ്ചന്റെ മണ്ണിൽ സ്‌മാരകം
പഠനകേന്ദ്രമായി നിർമിക്കുന്ന സ്‌മാരകത്തിന് ബജറ്റിൽ ആദ്യപടിയായി അഞ്ചുകോടി രൂപ വകയിരുത്തി

തിരൂർ: മൂന്നുപതിറ്റാണ്ടിലധികം ഭാഷാപിതാവിന്റെ മണ്ണിൽ നിലയുറപ്പിച്ച് ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് തുഞ്ചന്റെ മണ്ണിൽ ഉചിതമായ സ്‌മാരകം ഉയരും. പഠനകേന്ദ്രമായി നിർമിക്കുന്ന സ്‌മാരകത്തിന് ബജറ്റിൽ ആദ്യപടിയായി അഞ്ചുകോടി രൂപ വകയിരുത്തി.മലയാളഭാഷയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നൽകുന്നതും എം.ടി.യുടെ ജീവിതവും കൃതികളും സംഭാവനകളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുംവിധവുമുള്ള പഠനകേന്ദ്രമാകും സ്ഥാപിക്കുക.തുഞ്ചൻ സ്‌മാരക ട്രസ്റ്റ് ചെയർമാനായിരുന്ന എം.ടി.യുടെ സ്‌മരണയിൽ പഠനകേന്ദ്രത്തിനായി തുക വകയിരുത്തിയ സംസ്ഥാന സർക്കാരിനെ തുഞ്ചൻ സ്‌മാരക ട്രസ്റ്റ് അഭിനന്ദിച്ചു.