കോപ്പ അമേരിക്ക ടൂർണമെന്റ് ;കോപ്പയിൽ ഇനി ഫുട്‌ബോൾ കൊടുങ്കാറ്റിന്റെ നാളുകൾ
യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങൾക്കൊപ്പംതന്നെ തെക്കേ അമേരിക്കയിലും പന്തുരുളുമ്പോൾ ആവേശം ഇരട്ടിയാകും
അറ്റ്‌ലാന്റ: കോപ്പയിൽ ഇനി ഫുട്‌ബോൾ കൊടുങ്കാറ്റിന്റെ നാളുകൾ. ലയണൽ മെസ്സിയും സംഘവും ഒരുവശത്തും വിനീഷ്യസും സംഘവും മറുവശത്തും ഇറങ്ങുമ്പോൾ ഫുട്‌ബോൾ ലോകം അർജന്റീനയും ബ്രസീലുമായി രണ്ടായിമാറും. യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങൾക്കൊപ്പംതന്നെ തെക്കേ അമേരിക്കയിലും പന്തുരുളുമ്പോൾ ആവേശം ഇരട്ടിയാകും. വെളളിയാഴ്ച പുലർച്ചെ 5.30-ന് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന കാനഡയുമായി കളിക്കാനിറങ്ങുമ്പോൾ കോപ്പ അമേരിക്ക ടൂർണമെന്റിന് കിക്കോഫാകും.തകർപ്പൻ ഫോമിലാണ് മെസ്സി. ഒരിക്കൽക്കൂടി കോപ്പയിൽ മുത്തമിടാനാണ് താരത്തിന്റെ വരവ്. ഇനിയൊരങ്കത്തിനുള്ള ബാല്യം മെസ്സിക്കില്ല. കിരീടത്തോടെ കോപ്പയോട് വിടപറയാനാകും ശ്രമം.15 തവണ കിരീടം നേടിയ അർജന്റീന ടീം സന്തുലിതമാണ്. ലയണൽ സ്‌കാലോനി പരിശീലിപ്പിക്കുന്ന ടീം അവസാനം കളിച്ച 14 കളികളിൽ 13-ലും ജയിച്ചു. മെസ്സിക്കുപുറമെ ജൂലിയൻ അൽവാരസും നിക്കോളാസ് ഗോൺസാലസുമാകും മുന്നേറ്റത്തിൽ. അലക്സിസ് മെക്കാലിസ്റ്റർ, ലിയനാർഡോ പാരഡെസ്, റോഡ്രിഗോ ഡി പോൾ എന്നിവർ മധ്യനിരയിലും ഇറങ്ങും.