ആലപ്പുഴയിൽ പന്നിപ്പനി പടരുന്നു, ലക്ഷണം പക്ഷിപ്പനിക്കു സമാനം
ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്.രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ മനുഷ്യരിൽ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം അത്ര എളുപ്പമല്ല
 
                                    ആലപ്പുഴ: കാക്കകളിലും കൊക്കിലും പക്ഷിപ്പനി വ്യാപിക്കുന്നതിനിടെ മനുഷ്യരിൽ പന്നിപ്പനി (എച്ച് 1 എൻ 1) പടരുന്നതിൽ ആശങ്ക. ഒരാഴ്‌ച്ചയ്ക്കിടെ 14 പേർക്കാണ് ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി പക്ഷികൾക്കു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്.രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ മനുഷ്യരിൽ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം അത്ര എളുപ്പമല്ല. നിലവിൽ രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ ജീവിതസാഹചര്യവും ജോലിയുടെ പശ്ചാത്തലവും പക്ഷികളുമായും അവയുടെ വിസർജ്യവുമായുള്ള സമ്പർക്കവുമെല്ലാം നോക്കിയാണ് രോഗം നിർണയിക്കുന്നത്. സ്രവപരിശോധനയിലൂടെ മാത്രമേ രോഗമേതെന്നു കൃത്യമായി മനസ്സിലാകൂ.പക്ഷിപ്പനിബാധിത മേഖലയിൽ പനിയോ ജലദോഷമോ ഉള്ളവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്. ഇവർക്കു പ്രതിരോധമരുന്നു നൽകുന്നുമുണ്ട്. രോഗം കടുത്താൽ സ്രവപരിശോധന നടത്തും. ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ടുചെയ്തു തുടങ്ങിയതുമുതലാണ് പന്നിപ്പനി ബാധിക്കുന്നവരുടെ എണ്ണവുമേറിയത്. കഴിഞ്ഞ 16-നു മാത്രം നാലുപേർക്ക് രോഗം പിടിപെട്ടു.ഇടവേളയ്ക്കുശേഷമാണ് ഒരുദിവസം ഇത്രയധികം രോഗികളുണ്ടാകുന്നത്. ദിവസം ഒരു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ട്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ പൊതുവിടങ്ങളിൽ മുഖാവരണം നിർബന്ധമാണെന്ന് ഡോക്ടർമാർ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            