ചെമ്പേരി ബസിലിക്ക പ്രഖ്യാപനവും സമർപ്പണവും നാളെ
Chemperi Basilica announcement and dedication tomorrow

ചെമ്പേരി: ബസിലിക്കയെ വരവേൽക്കാനായി ചെമ്പേരി ഫൊറോനയിലെ വിശ്വാസികളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് നാളെ ഫലപ്രാപ്തിയാകും. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ബസിലിക്ക പ്രഖ്യാപനവും സമർപ്പണവും നടക്കും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഔപചാരിക പൊന്തിഫിക്കൽ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. മാർ ജോസഫ് പാംപ്ലാനി, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, ബിഷപ് ഡോ.അലക്സ് വടക്കുംതല, മാർ ലോറൻസ് മുക്കുഴി, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പൊരുന്നേടം, ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത, മാർ ജോസഫ് പണ്ടാരശേരിൽ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.ബസിലിക്കയായി ഉയർത്താനുള്ള തീരുമാനത്തെ തുടർന്ന് നവീകരണങ്ങൾ നടത്തിയ ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയുടെ ആശീർവാദകർമം കഴിഞ്ഞ ഞായറാഴ്ചയാണ് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചത്. ഇന്നലെ പള്ളിയിൽ ജാഗരണ പ്രാർഥന ദിനമായി ആചരിച്ചു. വൈകുന്നേരം 4.30 ന് ചെമ്പേരിയിലെ മുൻ വികാരിയും നിലവിൽ കണിച്ചാർ സെന്റ് ജോർജ് പള്ളി വികാരിയുമായ ഫാ. മാത്യു പാലമറ്റം വിശുദ്ധ കുർബാനയർപ്പിച്ചു. ഇന്നും ജാഗരണ പ്രാർഥന ദിനമായി ആചരിക്കും. വൈകുന്നേരം 4.30 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അതിരൂപത ജുഡീഷൽ വികാരിയും ചെമ്പേരി സ്വദേശിയുമായ റവ. ഡോ.ജോസ് വെട്ടിയ്ക്കൽ നേതൃത്വം നൽകും