ഗസറ്റിൽ പരസ്യം നൽകുന്നതിനുള്ള നിരക്കുകൾ
തിരുവനന്തപുരം : അച്ചടി വകുപ്പിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കി തൊട്ടടുത്ത ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിന് തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ സെൻട്രൽ പ്രസ്സിലും, മറ്റു ജില്ലകളിൽ അതാത് ജില്ലാ ഫാറം സ്റ്റോറുകളിലും, ഇടുക്കി ജില്ലയിലുള്ളവർക്ക് കോട്ടയം ജില്ലാ ഫാറം സ്റ്റോറിലും കാസർഗോഡ് ജില്ലയിലുള്ളവർക്ക് കണ്ണൂർ ജില്ലാ ഫാറം സ്റ്റോറിലും ആവശ്യമായ രേഖകളുമായി വന്ന് ഗസറ്റിൽ പരസ്യം നൽകാവുന്നതാണ്. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും അതത് ഓഫീസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പേരുമാറ്റത്തിന് 1,655 രൂപയും, മതം മാറ്റത്തിന് 1,420 രൂപയും, ഒപ്പ് മാറ്റത്തിന് 2,365 രൂപയും, ലിംഗ മാറ്റത്തിന് 1,655 രൂപയും, ജാതി തിരുത്തലിന് 1,420 രൂപയുമാണ് ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിന് ഒടുക്കേണ്ട ഫീസ്.
കമ്പനി നിയമപ്രകാരമുള്ള ലൈസൻസിനുള്ള അപേക്ഷ, കോടതി / അഭിഭാഷകർ വഴിയുള്ള ഇൻസോൾവൻസി, കമ്പനികൾ ബാങ്കുകൾ മുതലായവയുടെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഡിആർപി സംബന്ധിച്ച നോട്ടീസ്, ഗാർഡിയൻ വാർഡ് പെറ്റീഷൻ, ചിട്ടി നിയമപ്രകാരമുള്ള സെക്യൂരിറ്റി റിലീസ് ചെയ്യൽ, പോളിസി നഷ്ടപ്പെടൽ പോലുള്ള നോട്ടീസുകൾ, പവർ ഓഫ് അറ്റോണി റദ്ദാക്കൽ, വിൽപത്രവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ഓപ്പണിങ് മാർക്കറ്റുമായി ബന്ധപ്പെട്ട നോട്ടീസുകൾ, അഭിഭാഷകരുടെ എൻറോൾമെന്റുമായി ബന്ധപ്പെട്ട നോട്ടീസുകൾ, കോടതി / അഭിഭാഷകർ വഴിയുള്ള സക്സഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സിൽ നിന്നും മാത്രം ലഭിക്കും.