കേരളത്തിന്റെ കരുതൽ ലോകത്തെവിടെയും: 28 ന്റെ തിളക്കത്തിൽ പ്രവാസികളുടെ സ്വന്തം നോർക്ക
*നോർക്ക സെന്ററിൽ നോർക്ക ദിനാചരണം സംഘടിപ്പിച്ചു
തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ നോർക്ക ദിനാചരണം സംഘടിപ്പിച്ചു. 1996 ഡിസംബർ ആറിന് നിലവിൽ വന്ന പ്രവാസി കേരളീയകാര്യ വകുപ്പ് (NORKA - Non Resident Keralites Affairs Department) രൂപീകരണദിനമാണ് നോർക്ക ദിനം. ഇന്ത്യയിൽ ആദ്യമായി ഏതെങ്കിലുമൊരു സംസ്ഥാനത്ത് പ്രവാസികൾക്കു വേണ്ടി മാത്രമായി രൂപീകരിക്കപ്പെട്ട വകുപ്പ് എന്ന ഖ്യാതി നോർക്കയ്ക്കുണ്ട്. പ്രവാസികേന്ദ്രീകൃതമായ നവീനമായ പദ്ധതികളും സേവനങ്ങളും കൊണ്ടുവരാനാണ് അടുത്തസാമ്പത്തികവർഷം ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സിഇഒ അജിത് കോളശേരി അഭിപ്രായപ്പെട്ടു. പേപ്പർലെസ് ഓഫീസ് എന്ന ആശയത്തിലേയ്ക്കുളള ചുവടുവെയ്പ്പിന്റെ ആദ്യപടിയായി നവീകരിച്ച നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റ് ജനുവരി മുതൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2002 ൽ നോർക്ക വകുപ്പിന്റെ ഫീൽഡ് ഏജൻസിയായി നോർക്ക റൂട്ട്‌സ് നിലവിൽ വന്നു. ലോകത്തെമ്പാടുമുളള പ്രവാസികേരളീയർക്കായി സമഗ്രതലസ്പർശിയായ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് നോർക്ക റൂട്ട്‌സിനെ വേറിട്ട് നിർത്തുന്നത്. പ്രവാസത്തിന് മുൻപും, പ്രവാസത്തിനൊപ്പവും, പ്രവാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്കുമായി നിരവധി പദ്ധതികളും സേവനങ്ങളും സംസ്ഥാനസർക്കാർ നോർക്ക റൂട്ട്‌സിലൂടെ നടപ്പിലാക്കി വരുന്നു. 180 തിലധികം രാജ്യങ്ങളിലുളള പ്രവാസികേരളീയരുമായി നോർക്ക റൂട്ട്‌സ് സേവനങ്ങളിലൂടെ കേരളവുമായി കണ്ണിചേർക്കുന്നു. ഐ എസ് ഒ സർട്ടിഫിക്കറ്റും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്‌കോച്ച് അവാർഡിന് നോർക്ക റൂട്ട്‌സ് അർഹമായതും ഈ പ്രവർത്തന മികവുകൊണ്ടാണ്. കേരള പ്രവാസി കേരളീയ ക്ഷേമബോർഡ്, ലോക കേരള സഭ, പ്രവാസി കേരളീയ കമ്മീഷൻ, ലോക കേരളം ഓൺലൈൻ, നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്, ഓവസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് എന്നിവയും പ്രവാസികേരളീയർക്കായി നോർക്ക വകുപ്പിന് കീഴിലുണ്ട്. കേരളത്തിന് പ്രവാസി സമൂഹത്തോടുള്ള കടപ്പാടിന്റെയും പ്രതിജ്ഞാബദ്ധത യുടെയും തെളിവാണ് നോർക്കയുടെ പ്രവർത്തനം.