സാങ്കേതിക മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതിവേഗം സമൂഹത്തിന് ഗുണകരമായി മാറ്റാൻ കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇൻഡസ്ട്രി അക്കാദമി ഗവൺമെന്റ് കോൺക്ലേവ് ഉദ്യമ 1.0 പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്‌നോളജിയിൽ ഓൺലൈനായി നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനതലത്തിൽ നടക്കുന്ന കോൺക്ലേവ് വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടിച്ചേർന്നുള്ള തുടർ പ്രക്രിയായായി മാറണം. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാതലത്തിൽ എങ്ങനെ സുസ്ഥിര വികസനം സാധ്യമാക്കാനാകും എന്നു നാം ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചാണ്ടി ഉമ്മൻ എം എൽ. എ. അധ്യക്ഷനായിരുന്നു.
പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ആശാലത, കോളേജ് പ്രിൻസിപ്പൽ ഡോ. എ. പ്രിൻസ് , സ്റ്റുഡന്റ് കോർഡിനേറ്റർ ഗൗസൽ, ആർക്കിടെക്ടർ വിഭാഗം പ്രൊഫസർ ഡോ. ബിനുമോൾ ടോം, പി.ടി. എ. പ്രസിഡന്റ് വി എം പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനചടങ്ങിനുശേഷം കേരളത്തിന്റെ വികസനകുതിപ്പ് കാലാവസ്ഥാ വ്യതിയാനങ്ങളിലൂയിടെ എന്ന വിഷയത്തിൽ ഡോ മുരളി തുമ്മാരുകുടിയും ആശയങ്ങളിൽനിന്നും അനന്തതയിലേയ്ക്ക് എന്ന വിഷയത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ബാബു ജോസഫും ചർച്ച നയിച്ചു.
ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിഭാവനം ചെയ്തു നടപ്പാക്കുന്ന ദീർഘകാല പരിപാടിയാണ് ഇൻഡസ്ട്രി അക്കാദമിയ ഗവൺമെന്റ് കോൺക്ലേവ് അഥവാ ഉദ്യമ1.0. എൻജിനീയറിങ് - പോളിടെക്നിക്ക് മേഖലകളിൽ നടത്തിവരുന്ന കോഴ്‌സുകളും വ്യവസായവും തമ്മിൽ നിലനിൽക്കുന്ന വൈദഗ്ധ്യ വിടവ്
മനസ്സിലാക്കി പരിഹാരമാവുന്നതരത്തിൽ കരിക്കുലം പരിഷകരണത്തിനുള്ള നിർദേശങ്ങൾ വ്യവസായ പ്രതിനിധികളിൽനിന്നും സ്വീകരിയ്കുക, വ്യവസായങ്ങളിൽ ആവശ്യമുള്ള വൈദഗ്ധ്യങ്ങൾ മനസ്സിലാക്കി നിലവിൽ നടത്തിവരുന്ന കോഴ്‌സുകളോടൊപ്പം ആഡ് ഓൺ കോഴ്‌സുകൾ രൂപകൽപന ചെയ്തു പരിശീലനം നൽകുക, ഇന്റേൺഷിപ് പരിപാടികളിൽ അലുമിനിയുടെയും വ്യവസായ മേഖലയുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം.
പ്രീ -കോൺക്ലേറ്വ് പരിപാടികൾ മൂന്നുമാസക്കാലം കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലും നടത്തും.
ഇതോടൊപ്പം സാങ്കേതിക വിദ്യാഭ്യാസത്തിന്റെ സാധ്യതകളും അവസരങ്ങളും പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ അലുമിനി സംരംഭകർ, വ്യവസായ പ്രതിനിധികൾ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ എന്നിവർക്ക് വിദ്യാർഥികളുമായും അധ്യാപകരുമായും ആശയവിനിമയം നടത്തുന്നതിനുള്ള വേദി, പൊതുജനങ്ങൾക്കും രക്ഷാകർതൃ പ്രതിധികൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓപ്പൺ ഫോറം എന്നിവയുമുമൊരുക്കും.
ഡിബേറ്റുകൾ, സാംസ്കാരിക പരിപാടികൾ, വിദ്യാർഥികളുടെ പ്രോജക്ട് എക്സിബിഷൻ, വ്യാവസായിക ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നീ പരിപാടികളോടെ നവംബർ 13 മുതൽ 15 വരെ അന്താരാഷ്ട്ര പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാനൽ ഡിസ്കഷനോടുകൂടി അവസാനിക്കും.
ഉദ്യമ 1.0 പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി നിർവഹിക്കുന്നു.