കോട്ടയം ജില്ലാ തദ്ദേശ അദാലത്ത് ശനിയാഴ്ച അതിരമ്പുഴയിൽ
മന്ത്രിമാരായ എം.ബി. രാജേഷ്, വി.എൻ. വാസവൻ എന്നിവർ പങ്കെടുക്കും

കോട്ടയം: സംസ്ഥാന സർക്കാരിന്റെ മൂന്നാംവാർഷികത്തോടനുബന്ധിച്ചു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ശനിയാഴ്ച (ഓഗസ്റ്റ് 24) രാവിലെ മുതൽ കോട്ടയം അതിരമ്പുഴ സെന്റ മേരീസ് പള്ളി പാരിഷ് ഹാളിൽ നടക്കും. രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി കാര്യ വകുപ്പുമന്ത്രി എം.ബി. രാജേഷ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. സഹകരണ-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, സി.കെ. ആശ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി.വി. സുനിൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ് എന്നിവർ പ്രസംഗിക്കും.
തദ്ദേശ അദാലത്തിലേക്ക് ഓഗസ്റ്റ് 21 വരെ 454 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അദാലത്ത് ദിവസം നേരിട്ടെത്തിയും അപേക്ഷകൾ നൽകാം. ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്ക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹിക സുരക്ഷാ പെൻഷനുകൾ, മാലിന്യസംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെന്റ്്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികൾ, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീർപ്പാക്കാത്ത പരാതികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/നിർദ്ദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.
ലൈഫ് പദ്ധതിയുടെ പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കില്ല.