കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനായി സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ രണ്ട് തവണ
കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനുള്ള 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

ന്യൂഡൽഹി : അടുത്ത അദ്ധ്യയന വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസുകാർക്കായി വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയെന്ന് റിപ്പോർട്ട്. കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനുള്ള 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഒരു അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് രണ്ടുതവണ ബോർഡ് പരീക്ഷകൾ എഴുതാൻ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനുൾപ്പെടെ പരിഗണിക്കുക ഇതിലെ മികച്ച സ്കോറായിരിക്കും.
പരീക്ഷാ പരിഷ്‌കാരങ്ങൾക്ക് പുറമേ 2026-27 അദ്ധ്യയന വർഷം മുതൽ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുളള 260 വിദേശ സ്‌കൂളുകൾക്കായി സിബിഎസ്ഇ ആഗോള പാഠ്യപദ്ധതി പുറത്തിറക്കും. ഇന്ത്യൻ വിദ്യാഭ്യാസ മൂല്യങ്ങളെ ആഗോള തലത്തിലെ മികച്ച രീതികളുമായി യോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും പദ്ധതി. പാഠ്യപദ്ധതിയിൽ പ്രധാന ഇന്ത്യൻ വിഷയങ്ങളും ഉൾപ്പെടുത്തും.
പരീക്ഷകൾ രണ്ടുതവണയാക്കുന്നത് സംബന്ധിച്ച് മുൻപ് തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തത വരുത്തിയിരുന്നു. നാഷൺൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പരീക്ഷകളെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) മാതൃകയിൽ കുറ്റമറ്റതാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും എൻടിഎയുടെ നവീകരണത്തിനായി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു.