മാധ്യമങ്ങള്‍ക്കെതിരായ കേസുകളില്‍ ജാഗ്രത വേണം: ഹൈക്കോടതി
Care should be taken in cases against media: High Court
കൊച്ചി: പത്രങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരായ അപകീര്‍ത്തി ആരോപണങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അത്തരം കേസുകള്‍ മതിയായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു പ്രാദേശിക ദിനപത്രത്തിനെതിരേയുള്ള മാനനഷ്ടക്കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിന്റെ നിര്‍ദേശം.
വിചാരണക്കോടതികള്‍ ഇത്തരം കേസുകളിലെ യാഥാര്‍ഥ്യം കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഇത് മാധ്യമസ്വാതന്ത്ര്യത്തെയും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ലംഘിക്കാന്‍ സാധ്യതയുണ്ട്. ഇവ രണ്ടും ഭരണഘടന ഉറപ്പുനല്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഏത് തടസവും ജനാധിപത്യത്തെ തുരങ്കം വയ്‌ക്കുമെന്നും ആള്‍ക്കൂട്ട ഭരണത്തിലേക്ക് നയിക്കുമെന്നും കോടതി വ്യക്തമാക്കി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യവും സുപ്രധാന സംഭവ വികാസങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശവും ഒരു ജനാധിപത്യ രാജ്യത്ത് അടിസ്ഥാനപരമാണെന്നും ജനാധിപത്യ തത്ത്വങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യവും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശവും നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണമെന്നിരിക്കേ, അത്തരം കുറ്റം തെളിയിക്കാന്‍ ആവശ്യമായ ഘടകങ്ങളില്ലാതെ കൃത്യമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് അപകീര്‍ത്തികരമാണെന്ന് മുദ്ര കുത്തരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ആലുവ അദൈ്വതാശ്രമം വളപ്പില്‍ പാഴ്‌വസ്തുക്കള്‍ തള്ളിയെന്നാരോപിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നുണ്ടായ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാധ്യമ സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചത്.