എവിടേക്കും ഒളിച്ചോടിയിട്ടില്ല:നടൻ മോഹൻലാൽ
പതിനായിരക്കണക്കിനാളുകൾ ജോലി ചെയ്യുന്നത്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണ്.
തിരുവനന്തപുരം: താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മോഹൻലാൽ. അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആധികാരികമായി മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.'ഞാൻ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല. നിങ്ങളുടെയൊപ്പം നാൽപ്പത്തിയേഴ് കൊല്ലം സഞ്ചരിക്കുകയാണ്. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് വരാതിരുന്നത്. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. പിന്നെ ബറോസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് വരാതിരുന്നത്.മറ്റെല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നു. അതിനെ ഞാൻ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ട് തവണ ആ കമ്മിറ്റിയുടെ മുന്നിൽ പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഞാൻ മറുപടി പറഞ്ഞു. ഞാനൊരു നടനാണ്. ഞാനൊരു നിർമാതാവാണ്. എന്റെ സിനിമയെക്കുറിച്ച് അറിയാവുന്നതൊക്കെ പറഞ്ഞു. എന്നോട് ചോദിക്കുന്നത് സിനിമയെപ്പറ്റിയാണ്. അതെല്ലാം എനിക്ക് പറയാൻ സാധിക്കില്ല. എനിക്കറിയാവുന്ന കാര്യങ്ങളാണ് ഞാൻ ആ കമ്മിറ്റിയിൽ പറഞ്ഞത്.ഞാൻ തുടക്കം മുതൽ അതിലുള്ളയാളാണ്. കഴിഞ്ഞ രണ്ട് തവണ പ്രസിഡന്റായിരുന്നു. ഇപ്പോൾ എന്തുകൊണ്ട് അതിൽ നിന്ന് മാറി എന്ന് ചോദിക്കുമ്പോൾ, ഇതിന് ഉത്തരം പറയേണ്ടത് മലയാള സിനിമ ഒന്നടങ്കമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തിനും ഏതിനും അമ്മയുടെ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതായിട്ടാണ് ഞങ്ങൾ കണ്ടത്. അതിൽ തെറ്റുകളുണ്ടാകാം. അതിനെപ്പറ്റി പിന്നെ സംസാരിക്കാം. അപ്പോൾ അങ്ങനെയുള്ള വിമർശനങ്ങൾ വന്നപ്പോൾ, എല്ലാവർക്കും സംസാരിക്കാനുള്ള വേദിയാകണമെന്ന് കരുതി. അമ്മ എന്ന സംഘടനയാണ് മറുപടി പറയേണ്ടത്. ഞാൻ എന്റെ അഡ്വക്കേറ്റുകളും സിനിമയിലെ മുതിർന്നവരുമായൊക്കെ സംസാരിച്ചെടുത്ത തീരുമാനമാണ് മാറിനിൽക്കാമെന്നത്. അമ്മയുടെ പ്രവർത്തനങ്ങളൊന്നും നിർത്തിക്കൊണ്ടല്ല. ഞങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, അങ്ങനെ പല കാര്യങ്ങളും ചെയ്യാനുണ്ട്. അതിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറിയതല്ല. എല്ലാവരോടും അനുവാദം ചോദിച്ചിട്ടാണ് ചെയ്തത്.
പതിനായിരക്കണക്കിനാളുകൾ ജോലി ചെയ്യുന്നത്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണ്. മറ്റ് ഭാഷകളിലേക്ക് പോകുമ്പോഴാണ് മലയാള സിനിമയുടെ മഹത്വമറിയുന്നത്. ദയവ് ചെയ്ത് ഈ സിനിമ മേഖലയെ തകർക്കരുതെന്ന അപേക്ഷയുണ്ട്. സർക്കാരുണ്ട്. കമ്മിറ്റിയുണ്ട്. പൊലീസുണ്ട്. ഇത് കോടതി വരെ എത്തിനിൽക്കുന്ന വിഷയമാണ്. അതിനാൽ ആധികാരികമായി അഭിപ്രായം പറയാൻ കഴിയില്ല. എനിക്ക് പറയാനുള്ളത്, ദയവ് ചെയ്ത് പതിനായിരക്കണക്കിന് ജോലിക്കാരുള്ളതാണ്. അത് മുന്നോട്ട് ചലിക്കണം.'- മോഹൻലാൽ പറഞ്ഞു.