സംസ്ഥാനത്തെ കാർഷിക വായ്പയിൽ വലിയ വർധനവ്
2023 -24ൽ 1.38 ലക്ഷം കോടിയായാണ് വർധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക വായ്പയിൽ വലിയ വർധനയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2022-23ല് 1.19 ലക്ഷം കോടിയായിരുന്നു കാർഷിക വായ്പയെങ്കിൽ 2023 -24ൽ ഇത് 1.38 ലക്ഷം കോടിയായാണ് വർധിച്ചത്. ഇതിൽ 1.04 ലക്ഷം കോടിയും പൊതുമേഖല ബാങ്കുകളാണ് നൽകിയത്. സ്വകാര്യമേഖലയുടെയും വാണിജ്യ ബാങ്കുകളുടെയും വിഹിതം 11000 കോടിയും സഹകരണ ബാങ്കുകളുടേത് 18000 കോടിയുമാണ്. 2021 മാർച്ച് മുതലുള്ള കണക്കുകൾ പ്രകാരം കാർഷിക വായ്പകൾ വർധന പ്രകടമാണ്.സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാൽ ഉൽപാദനം കുറഞ്ഞു. അതേസമയം മാംസത്തിന്റെ ഉൽപാദനം വർധിക്കുകയും ചെയ്തു. 2022-23 സാമ്പത്തിക വർഷം 230 ലക്ഷം മെട്രിക് ടൺ പാലാണ് കേരളം ഉൽപാദിപ്പിച്ചത്. എന്നാൽ, 2023-24 ൽ ഇത് 220 മെട്രിക് ടണ്ണായി കുറഞ്ഞു. 2018-19 മുതൽ 2022-23 വരെ തുടർച്ചയായി 230 ലക്ഷം മെട്രിക് ടൺ എന്ന സ്ഥിരതയാർന്ന പാൽ ഉൽപാദനത്തിലാണ് ഈ ഇടിവ്.