ഭൂ ആധാര്‍ വരും, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യും : ലക്‌ഷ്യം സാമ്പത്തികവളർച്ച
ഭൂസ്വത്തിന്റെ അതിര്‍ത്തിയും മറ്റുവിവരങ്ങളും സൂക്ഷിക്കുന്ന രജിസ്റ്ററുകളും മാപ്പുകളും ഡിജിറ്റൈസ് ചെയ്യും.
ഡല്‍ഹി : ബജറ്റില്‍ സാമ്പത്തികവളര്‍ച്ച ലക്ഷ്യമിട്ട് പുതുതലമുറ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഉയര്‍ന്ന വളര്‍ച്ചനിരക്ക് പ്രാപ്തമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നുള്ള സംയുക്ത ഭരണപരിഷ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.ഗ്രാമപ്രദേശങ്ങളില്‍ ഭൂമിക്ക് സവിശേഷമായി തിരിച്ചറിയല്‍ നമ്പര്‍ (ഭൂ ആധാര്‍) ഏര്‍പ്പെടുത്തും, നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റൈസ് ചെയ്യും, ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, പ്ലാനിങ്, നഗരാസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പാക്കും തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തികസഹായമുറപ്പാക്കും.
ഭൂസ്വത്തിന്റെ അതിര്‍ത്തിയും മറ്റുവിവരങ്ങളും സൂക്ഷിക്കുന്ന രജിസ്റ്ററുകളും മാപ്പുകളും ഡിജിറ്റൈസ് ചെയ്യും. ഭൂസര്‍വേ, ഭൂരജിസ്ട്രി, കര്‍ഷകരജിസ്ട്രിയുമായുള്ള ബന്ധിപ്പിക്കല്‍ എന്നിവയും ഗ്രാമപ്രദേശങ്ങളിലെ ഭൂപരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കും.നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ജി.ഐ.എസ്. മാപ്പിങ് ഉപയോഗിച്ച് ഡിജിറ്റലാക്കും. തൊഴില്‍സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന ഇ-ശ്രമം പോര്‍ട്ടലിനെ മറ്റുപോര്‍ട്ടലുകളുമായി ബന്ധിപ്പിക്കും.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍വിപണിയിലെ നൈപുണി ആവശ്യങ്ങള്‍, ലഭ്യമായ ജോലിസാധ്യതകള്‍ എന്നിവ കണക്കിലെടുത്തുള്ള ആര്‍ക്കിടെക്ചര്‍ വിവരശേഖരങ്ങള്‍ തുറക്കും.ഉദ്യോഗാര്‍ഥികളെ തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപവത്കരിക്കും എന്നിവയും പുതുതലമുറപരിഷ്‌കാരങ്ങളുടെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചു.