ആറ്റുകാൽ പെങ്കാല: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

Mar 5, 2025
ആറ്റുകാൽ പെങ്കാല: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു
attukal ponkala

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയിൽ തന്നെ ഉത്സവകാര്യങ്ങൾ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ  അനിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പൊങ്കാല ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം കൂടാതെ സ്ത്രീകൾക്കുവേണ്ടി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ഡെഡിക്കേറ്റഡ് പാർക്കിങ് ഏരിയകളും വാഹന പരിശോധന പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കൽ എമർജൻസികൾ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും.

ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 450 ജീവനക്കാരെ വിന്യസിക്കുന്നതിൽ 50 പേർ വനിതകളാണ്. രണ്ട് സെക്ടറുകളായി തിരിഞ്ഞാണ് ഫയർ ആന്റ് റസ്‌ക്യൂ ടീം പ്രവർത്തിക്കുക. രണ്ട് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 44 ഫയർ റസ്‌ക്യൂ എൻജിനുകൾ സജ്ജമാക്കും. ഹൈ പ്രഷർ പമ്പിംഗ് യൂണിറ്റും സജ്ജമാക്കും.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പൊങ്കാല ദിവസം 10 മെഡിക്കൽ ടീമുകൾ അധികമായി പ്രവർത്തിക്കും. കുത്തിയോട്ട ദിവസങ്ങളിൽ ശിശുരോഗവിദഗ്ധൻ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. ചൂട് വർദ്ധിച്ച് അസുഖങ്ങൾ പിടിപെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ക്ഷേത്രത്തിന് പരിസരത്ത് 10 സ്ഥലങ്ങളിൽ കൂളറുകൾ സ്ഥാപിക്കും. പൊങ്കാല മഹോത്സവത്തിന് എല്ലാ ദിവസങ്ങളിലും കൺട്രോൾ റൂം പ്രവർത്തിക്കും.

10 ആംബുലൻസുകൾ ക്രമീകരിച്ചിട്ടുണ്ട്. അധികമായി ആംബുലൻസുകൾ വേണ്ടി വന്നാൽ സജ്ജമാക്കുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്ടെന്നുള്ള അപകടങ്ങൾ നേരിടുന്നതിന് അധിക സൗകര്യങ്ങൾ ഒരുക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

മാർച്ച് 12ന് 6 മണി മുതൽ  13ന് വൈകിട്ട് 6 മണി വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്ന് എക്സ്സൈസ് വകുപ്പ് അറിയിച്ചു. ആറ്റുകാൽ ക്ഷേത്രത്തിന് സമീപമായി എക്സ്സൈസ് കൺട്രോൾ റൂം തുറക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അവിടെ വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി ഭക്തജനങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഗ്രൗണ്ടിൽ വിമുക്തിയുടെ ഒരു സ്റ്റാൾ തുറക്കും. സ്റ്റാൾ മാർച്ച് 5 മുതൽ പ്രവർത്തന സജ്ജമാകും. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വിമുക്തിയെ കുറിച്ച് പഠിക്കാനുള്ള അവസമൊരുക്കും. എക്‌സൈസ് ഇന്റലിജിൻസ് ടീമും ഷാഡോ ടീമും ഗ്രൗണ്ടിലും ക്ഷേത്ര പരിസരങ്ങളിലും രാത്രിയും പകലും നിരീക്ഷണം നടത്തും.

സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി ചൂടും മഴയുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാനായി പ്രത്യേകമായ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമിൽ നിന്നും വിവരങ്ങൾ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ വരികയും അവിടുന്ന് താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് കൈമാറുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

20 ബസുകൾ  ചെയിൻ സർവീസ് ആയി ഈസ്റ്റ് ഫോർട്ടിൽ നിന്ന് ക്ഷേത്രത്തെ ബന്ധിച്ചു കൊണ്ട് സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ കെ.എസ്.ആർ.ടി.സി ചെയ്തിട്ടുണ്ട്. ഏഴുനൂറോളം ബസുകൾ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന രീതിയിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.  കേരളത്തിൽ വിവിധ ഇടങ്ങളിൽ നിന്നും ബഡ്ജറ്റ് ടൂറിന്റെ ഭാഗമായി നാലായിരത്തോളം സ്ത്രീകളെ തിരുവനന്തപുറത്ത് എത്തിച്ചു പൊങ്കാല ഇടാനുള്ള സൗകര്യങ്ങളും അവർക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഭക്ഷ്യസുരക്ഷായുമായി ബന്ധപെട്ട് മറ്റ് ജില്ലകളിൽ നിന്നുമുള്ള ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്‌ക്വാഡ് മാർച്ച് 5 മുതൽ പൊങ്കാല കഴിയുന്നത് വരെ സജീവമായിരിക്കും. അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ച് പരിശോധനക്ക് വേണ്ടി സാമ്പിളുകൾ ലാബിൽ നൽകിയിട്ടുണ്ട്.

വെള്ളം വിതരണവുമായി ബന്ധപെട്ട് ആറ്റുകാൽ, ചാല-ഫോർട്ട് മേഖല, ശ്രീവരാഹം എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് വാട്ടർ അതോറിറ്റി പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1,391 കുടിവെള്ള ടാപ്പുകളുടെ പണികൾ മാർച്ച് 10ന് പൂർത്തിയാക്കും. 50 ശവറുകൾ അമ്പലത്തിന് ചുറ്റും വയ്ക്കുന്നുണ്ട്. 18 സിവറേജ് ലൈനുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി. ബാക്കിയുള്ളത് മാർച്ച് 10ന് മുൻപ് പൂർത്തീകരിക്കും.

ടാങ്കറുകൾക്ക് വെള്ളം നൽകുന്നതിന് ഐരാണിമുട്ടത്തും വെള്ളായമ്പലത്തും വേന്റിങ് പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. 7ാം തിയതി മുതൽ കൺട്രോൾ റൂം പ്രവർത്തിക്കും.

പൊങ്കാല ഉത്സവവുമായി മന്ധപ്പെട്ട് 18 സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകും. നാല് ട്രെയിനുകൾ നാഗാർക്കോയിൽ സൈഡിലേക്കും 14 ട്രെയിനുകൾ കൊല്ലം ഭാഗത്തേക്കുമായി ക്രമീകരിച്ചിട്ടുണ്ട്.

പൊങ്കാലയോടനുബന്ധിച്ച് 10 റോഡുകളുടെ പണികളാണ് നടത്തിവന്നിരുന്നത്. അതിൽ 9 റോഡുകളുടെ പണികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ബണ്ഡ് റോഡിന്റെ പണികളാണ് പൂർത്തിയാക്കാനുള്ളത്. അത് രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ അറിയിച്ചു.

1,254 ജീവനക്കാരെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് 1,813 പുതിയ തൊഴിലാളികളെക്കൂടി ശുചീകരണത്തിനായി ഏർപ്പെടുത്തും. 84 ടിപ്പർ ലോറികൾ മാലിന്യം ശേഖരിക്കുന്നതിനായി സജ്ജമാക്കും. അന്നദാനത്തിനായുള്ള രജിസ്ട്രേഷൻ തുടങ്ങി. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനായി ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളെ ഉൾപ്പെടുത്തി ഗ്രീൻ ആർമി രൂപീകരിച്ചിട്ടുണ്ട്. 250 പേരാണ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കും. മൂന്ന് മൊബൈൽ ടോയ്‌ലെറ്റുകൾ ഉണ്ടാകും.

പൊങ്കാല ദിവസങ്ങളിൽ ഉച്ചഭാഷിണികൾ നിയന്ത്രിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേത്വത്വത്തിൽ സർവെയ്‌ലൻസ് സ്‌ക്വാഡ് രൂപീകരിച്ചു. പൊങ്കാലയ്ക്കു മുൻപും ശേഷവും അന്തരീക്ഷവായു ഗുണനിലവാരം പരിശോധിക്കുന്നതിനായി മോണിറ്ററിങ് നടത്തും.

ആറ്റുകാൽ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.

53,68,000 പേർ ഇത്തവണ ശബരിമല മകരവിളക്ക് മഹോത്സവത്തിന് എത്തിയിരുന്നു. പരിഭവങ്ങളും പരാതികളും ഉണ്ടാകാത്ത രീതിയിൽ എല്ലാ ഉദ്യോഗസ്ഥരും പരസ്പരം ബന്ധപ്പെട്ടും നന്നായി സഹകരിച്ചും അവിടെ പ്രവർത്തിച്ചു. ആ ടീംവർക്ക് ആറ്റുകാൽ പൊങ്കാലയ്ക്കും ആവർത്തിച്ചാൽ നല്ല ഭംഗിയായി കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എല്ലാവരും ചേർന്ന് ഒത്തൊരുമയോടെ പൊങ്കാലയുടെ നടത്തിപ്പ് വിജയകരമാക്കാമെന്നും മന്ത്രി പറഞ്ഞു.

ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, എ.ഡി.എം ബീന വി ആനന്ദ്, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.