മുല്ലപ്പെരിയാൽ അണക്കെട്ട്: സുരക്ഷ പരിശോധന ഉടൻ പൂർത്തിയാക്കണമെന്ന് കേരളം
സുപ്രീംകോടതി മേൽനോട്ട സമിതിയുടെ യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള സുരക്ഷ പരിശോധന ഉടൻ പൂർത്തിയാക്കണമെന്ന് കേരളം. സുപ്രീംകോടതി മേൽനോട്ട സമിതിയുടെ യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.2011 ലാണ് അവസാനമായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷ പരിശോധന പൂർത്തിയാക്കിയത്. വീണ്ടും പരിശോധന നടത്തണമെന്ന് 2018ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തമിഴ്നാട് തടസ്സവാദമുന്നയിച്ചതിനാൽ നടത്താൻ കഴിഞ്ഞിരുന്നില്ല.സുപ്രീം കോടതി നിർദേശ പ്രകാരം വ്യാഴാഴ്ച അണക്കെട്ടിൽ മേൽനോട്ട സമിതി സന്ദർശനം നടത്തിയിരുന്നു. തുടർന്ന നടന്ന യോഗത്തിലാണ് കേരളം സുരക്ഷ പരിശോധന വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, തമിഴ്നാട് വീണ്ടും എതിർപ്പ് രേഖപ്പെടുത്തി. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മാത്രമേ സുരക്ഷാ പരിശോധന നടത്താന്‍ സാധിക്കൂ എന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിക്കുന്നത്.