ദീൻ ദയാൽ സ്പർഷ് യോജന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Applications are invited for the scholarship

തിരുവനന്തപുരം : 16 ഓഗസ്റ്റ്, 2024
മികച്ച അക്കാദമിക നിലവാരവും ഫിലാറ്റലി ഒരു ഹോബിയായി പിന്തുടരുന്നതുമായ സ്കൂൾ വിദ്യാർത്ഥികൾക്കായി തപാൽ വകുപ്പ് ആരംഭിച്ച് "ദീൻ ദയാൽ സ്പർഷ് യോജന 2024- 25 (സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കോളർഷിപ്പ്) സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കേരള തപാൽ സർക്കിളിലെ 40 വിദ്യാർത്ഥികൾക്ക് (ഓരോ ക്ലാസിൽ നിന്നും പത്ത് വിദ്യാർത്ഥികൾ) 2024-25 അധ്യയന വർഷത്തിൽ 6000 രൂപ സ്കോളർഷിപ്പ് തുക ലഭിക്കും.
ഇന്ത്യയ്‌ക്കുള്ളിലെ അംഗീകൃത സ്‌കൂളുകളിൾ ആറ് മുതൽ ഒൻപത് വരെയുള്ള ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. അടുത്തിടെ നടന്ന അവസാന പരീക്ഷയിൽ 60% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്/ഗ്രേഡ് പോയിൻ്റ് (എസ്‌സി/എസ്‌ടിക്ക് 5% ഇളവ്) നേടിയവരും കൂടാതെ കേരളത്തിലെ തപാൽ ഫിലാറ്റലി ബ്യൂറോയിൽ ഏതെങ്കിലും ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉള്ളവർക്കുമാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
ക്വിസ് മത്സരം, "ഫിലാറ്റലി പ്രോജക്റ്റ്" എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. ക്വിസ് മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ രണ്ടാം ഘട്ടത്തിൽ ഒരു നിശ്ചിത പ്രമേയത്തിൽ ഒരു ഫിലാറ്റലി പ്രോജക്റ്റ് സമർപ്പിക്കണം. പരീക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനം: https://www.indiapost.gov.in/
ക്വിസിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട പോസ്റ്റൽ ഡിവിഷണൽ സൂപ്രണ്ടിന് 2024 സെപ്റ്റംബർ നാലിനകം ലഭ്യമാക്കണം. രജിസ്റ്റർ ചെയ്ത തപാൽ/ സ്പീഡ് പോസ്റ്റിൽ അയക്കുന്ന അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളു.