കര്‍ഷകരുടെ ജീവിതവും മാറും, അടിസ്ഥാന സൗകര്യ വികസന നിധിയിലൂടെ
ശിവരാജ് സിങ് ചൗഹാന്‍ കേന്ദ്ര ഗ്രാമവികസന-കൃഷി, കര്‍ഷക ക്ഷേമ മന്ത്രി
കര്‍ഷകരെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശങ്കയും സംവേദനക്ഷമതയും കര്‍ഷക സമൂഹത്തിനായി എടുത്ത തീരുമാനങ്ങളിലും നയങ്ങളിലും പദ്ധതികളിലും വ്യക്തമായി കാണാം. നമ്മുടെ അന്നദാതാക്കളുടെ ജീവിതം മാറ്റിമറിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിന്റെ ആദ്യ 100 ദിനങ്ങളില്‍ കൃഷിക്കും കര്‍ഷകര്‍ക്കും മുന്‍ഗണന നല്‍കിയതിന്റെ കാരണവും ഇതാണ്. കാര്‍ഷിക മേഖലയുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഇത് കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്), പിഎം ആശ തുടങ്ങിയ പദ്ധതികളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു.
വിളവെടുപ്പിനു ശേഷമുണ്ടാകുന്ന നഷ്ടം രാജ്യത്തെ പ്രധാന വെല്ലുവിളിയാണ്. ഇത് കാര്‍ഷിക മേഖലയുടെ ഉത്പാദന ശേഷിക്കു ഭീഷണിയാണ്. മാത്രമല്ല, ഇത് ലക്ഷക്കണക്കിന് കര്‍ഷകരുടെ കഠിനാധ്വാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഭാരതത്തിലെ മൊത്തം ഭക്ഷ്യ ഉല്‍പ്പാദനത്തിന്റെ 16-18 ശതമാനത്തെയും ഓരോ വര്‍ഷവും ഇതു ബാധിക്കുന്നു. വിളവെടുപ്പ്, മെതിക്കല്‍, സംഭരണം, ഗതാഗതം, സംസ്‌കരണം തുടങ്ങിയ കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ഈ നഷ്ടങ്ങള്‍ക്ക് കാരണമാണ്. ശരിയായ സംഭരണത്തിന്റെയും ശീതീകരണ ശൃംഖലയുടെയും അഭാവം, അപര്യാപ്തമായ സംസ്‌കരണ യൂണിറ്റുകള്‍, കാര്യക്ഷമമായ ലോജിസ്റ്റിക്‌സിന്റെ അഭാവം എന്നിവ ഈ വലിയ നഷ്ടത്തിന് കാരണമാകുന്നു. അത് നമ്മുടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് ഇത് ശക്തിപ്പെടുത്തുന്നതിനുള്ള നവോത്സാഹത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
ശാസ്ത്രജ്ഞരുടെ ഗവേഷണം, പരീക്ഷണശാലയില്‍നിന്ന് പാടത്തേക്കു കൊണ്ടുപോകാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതിലൂടെ, ഉത്പാദനച്ചെലവ് ഗണ്യമായി കുറയുകയും കര്‍ഷകരുടെ ലാഭം വര്‍ധിക്കുകയും ചെയ്തു. 2020 ജൂലൈയിലാണ് ‘ആത്മനിര്‍ഭര്‍ ഭാരത്’ സംരംഭത്തിനുകീഴിലുള്ള പരിവര്‍ത്തന സംരംഭമായി കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്) ആരംഭിച്ചത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍, ഭക്ഷ്യവസ്തുക്കളുടെ പാഴാക്കല്‍ കുറയ്‌ക്കുന്നതിന് കാര്‍ഷിക ആസ്തികളിലൂടെ വിളവെടുപ്പിനുശേഷമുള്ള പരിപാലന പ്രതിസന്ധികള്‍ പരിഹരിക്കല്‍ എന്നിവയാണ് ലക്ഷ്യം. ഈ വെല്ലുവിളികളെ പുതിയ പദ്ധതികളും നവയുഗ സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിച്ച് അഭിസംബോധന ചെയ്യേണ്ടതുണ്ട്. എഐഎഫിനു കീഴില്‍, 9ശതമാനം പലിശ പരിധിയില്‍ പ്രതിവര്‍ഷം 3ശതമാനം
പലിശ ഇളവും ബാങ്കുകള്‍ നല്‍കുന്നു. കൂടാതെ സിജിടിഎംഎസ്ഇ (സൂക്ഷ്മ – ചെറുകിട സംരംഭങ്ങള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ്) പ്രകാരം വായ്പ ഈട് പരിരക്ഷയോടെ ധനകാര്യ സ്ഥാപനങ്ങള്‍ 2 കോടി രൂപ വരെ വായ്പ നല്‍കും. ഈ സംരംഭത്തിലൂടെ, ഗുണനിലവാരവും അളവും സംരക്ഷിക്കുന്നതിനായി ഉത്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല, കര്‍ഷകരെ വിപണികളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവേശിക്കാന്‍ സഹായിക്കുകയും അവരുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും.
2024 ഓഗസ്റ്റ് വരെ ഈ പദ്ധതിക്കുകീഴില്‍ അനുവദിച്ചത് 47,500 കോടി രൂപയാണ്. ഇതില്‍ 30,000 കോടിയിലധികം രൂപ വിവിധ പദ്ധതികള്‍ക്കായി വിതരണം ചെയ്തു. അനുവദിച്ച പദ്ധതികളില്‍ 54ശതമാനം കര്‍ഷകര്‍, സഹകരണസംഘങ്ങള്‍, കാര്‍ഷിക ഉത്പാദന സംഘടനകള്‍, സ്വയംസഹായസംഘങ്ങള്‍ (എസ്എച്ച്ജി) എന്നിവയുമായി ബന്ധപ്പെട്ടതാണ്. കൃഷിഭൂമിയില്‍ത്തന്നെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കര്‍ഷകരുടെ പങ്കാളിത്തത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ശക്തമാണ് കൃഷിയിട അടിസ്ഥാന സൗകര്യങ്ങള്‍
കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള നഷ്ടത്തിന്റെ പ്രധാന പ്രശ്‌നം പരിഹരിക്കുന്നതിന് കൃഷിയിട അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംഭരണം, ഗതാഗതം മുതലായവയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. അതുവഴി കര്‍ഷകരെ അത്തരം വിളനാശത്തില്‍നിന്ന് സംരക്ഷിക്കാന്‍ കഴിയും. ഭക്ഷ്യ ധാന്യ ഉല്‍പ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉണക്കിയെടുക്കുന്നവയുടെ സംഭരണത്തിന്റെ കാര്യത്തില്‍, 1740 ലക്ഷം മെട്രിക് ടണ്‍ സംഭരണശേഷിയുടെ അടിസ്ഥാനത്തില്‍ ഭാരതത്തിന് അടിസ്ഥാന സൗകര്യമുണ്ട്. നിലവില്‍, ഭാരതത്തിലെ മൊത്തത്തിലുള്ള ധാന്യ ഉല്‍പ്പാദനത്തിനുള്ള സംഭരണശേഷിയില്‍ 44ശതമാനം കുറവുണ്ട് എന്നത് ആശങ്കാജനകമാണ്. അതുപോലെ, തോട്ടക്കൃഷി ഉല്‍പ്പന്നങ്ങള്‍ക്കായി, ഏകദേശം 441.9 ലക്ഷം മെട്രിക് ടണ്‍ ശീതീകരണ സംഭരണസംവിധാനം ഇവിടെ ലഭ്യമാണ്. അതേസമയം ശീതീകരണ ശൃംഖല രാജ്യത്തെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തിന്റെ 15.72ശതമാനം മാത്രമാണ്. സംഭരണശേഷി വിടവ് ഏകദേശം 500 ലക്ഷം മെട്രിക് ടണ്‍ കുറയ്‌ക്കാന്‍ എഐഎഫ് സംരംഭം സഹായിച്ചു. ഇത് രാജ്യത്ത് വിളവെടുപ്പിനു ശേഷമുണ്ടാകുന്ന നഷ്ടത്തില്‍ 5700 കോടി രൂപ കുറയ്‌ക്കാന്‍ സഹായിച്ചു. കൂടാതെ, ശരിയായ ശീതീകരണ സംഭരണ സൗകര്യങ്ങള്‍ വികസിപ്പിച്ചതിലൂടെ തോട്ടക്കൃഷി ഉല്‍പ്പന്നങ്ങളുടെ നഷ്ടം 10% കുറഞ്ഞു. അതുവഴി വിളവെടുപ്പിനുശേഷം 3.5 ലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാക്കി, പ്രതിവര്‍ഷം ഏകദേശം 1250 കോടി രൂപ ലാഭിക്കുന്നു. കാര്‍ഷിക മേഖലയോടും കര്‍ഷകരോടുമുള്ള ഈ പ്രതിബദ്ധത സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കുക മാത്രമല്ല, അവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യും.
കാര്‍ഷിക അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ചയ്‌ക്കും വികസനത്തിനും എഐഎഫ് പുതിയ ഉത്തേജനം നല്‍കുന്നു. 2024 ഓഗസ്റ്റ് വരെ, എഐഎഫിനുകീഴില്‍ രാജ്യത്തുടനീളമുള്ള 74,695 കാര്‍ഷിക അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 18,508 നിര്‍ദേശാനുസൃത നിയമന കേന്ദ്രങ്ങള്‍, 16,238 പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങള്‍, 13,702 സംഭരണശാലകള്‍, 3095 തരംതിരിക്കല്‍-വര്‍ഗീകരണ യൂണിറ്റുകള്‍, 1901 ശീതീകരണ സംഭരണികളും ശീതീകരണ ശൃഖലകളും, 21,251 മറ്റു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ 74,695 പദ്ധതികള്‍ 2015 മുതല്‍ കാര്‍ഷിക മേഖലയില്‍ മൊത്തം 78,702 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചു, ഇത് ഈ മേഖലയിലെ ഗണ്യമായ പുരോഗതിയെ അടയാളപ്പെടുത്തുന്നു.
അടിസ്ഥാനസൗകര്യവികസനത്തിന് മാത്രമല്ല, ഈ രാജ്യത്തെ യുവജനങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. രാാജ്യത്ത് ഏകദേശം 50,000 പുതിയ കാര്‍ഷിക സംരംഭങ്ങള്‍ സ്ഥാപിച്ചതിലൂടെ കര്‍ഷകര്‍ക്കിടയില്‍ സംരംഭകത്വത്തെയും പ്രോത്സാഹിപ്പിച്ചു. യുവാക്കളും കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇത് കാര്‍ഷിക മേഖലയിലെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കര്‍ഷകരെ സ്വയംപര്യാപ്തരാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ ശ്രമങ്ങള്‍ എട്ടുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചു. ഭാവിയില്‍ ഈ എണ്ണം വര്‍ധിക്കുകയും നേരിട്ടോ അല്ലാതെയോ 2.5 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
വരുമാനം വര്‍ധിപ്പിക്കാന്‍ ആറിന തന്ത്രങ്ങള്‍
സര്‍ക്കാരിന്റെ ക്ഷേമനയങ്ങള്‍ കര്‍ഷകരുടെ പ്രവര്‍ത്തന ശൈലിയില്‍ ഗുണകര മാറ്റങ്ങള്‍ കൊണ്ടുവന്നു. കൃഷിയിടങ്ങളിലെ നൂതന അടിസ്ഥാന സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് നേരിട്ടുള്ള വില്‍പ്പനയ്‌ക്കു സഹായിച്ചു. അതുവഴി യഥാര്‍ഥമൂല്യം തിരിച്ചറിയാന്‍ സാധിച്ചു. മൊത്തത്തിലുള്ള വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തു. ആധുനിക പാക്കേജിങ്, ശീതീകരണ സംഭരണ സംവിധാനങ്ങള്‍ എന്നിവ കാരണം, കര്‍ഷകര്‍ക്ക് അവരുടെ വിപണി വില്‍പ്പന കൂടുതല്‍ തന്ത്രപരമായി നടത്താന്‍ കഴിയും. ഇത് മികച്ച മൂല്യവത്കരണത്തിന് കാരണമാകുന്നു. ഈ അടിസ്ഥാന സൗകര്യ സംരംഭം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 11-14ശതമാനം എന്ന നിലയില്‍ ഉയര്‍ന്ന വില ലഭിക്കാന്‍ പ്രാപ്തമാക്കി.
കേന്ദ്രനയങ്ങള്‍ കാര്‍ഷിക അടിസ്ഥാനസൗകര്യ വികസനത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വായ്പാ നഷ്ടസാധ്യത കുറയ്‌ക്കുകയും ചെയ്യും. വായ്പ ഈട് പിന്തുണയിലൂടെയും പലിശയിളവിലൂടെയും വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നഷ്ടസാധ്യതയുള്ള വായ്പ നല്‍കാനും അതുവഴി ഉപഭോക്താക്കളെ സഹായിക്കാനും കഴിയും. ഇത് അവരുടെ അടിത്തറയും വൈവിധ്യവല്‍ക്കരണവും വികസിപ്പിക്കാന്‍ സഹായിക്കുന്നു. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ (പിഎസിഎസ്) ഫലപ്രദമായ പലിശ നിരക്ക് ഒരു ശതമാനമായി കുറച്ച് നബാര്‍ഡിന്റെ റീഫിനാന്‍സ് സൗകര്യവുമായി സഹകരിച്ച് കാര്‍ഷിക അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ നിധി ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഇത്തരം പിഎസിഎസുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഇത് ഗണ്യമായ നേട്ടങ്ങള്‍ കൊണ്ടുവന്നു. എഐഎഫിന് കീഴില്‍ 9573 പിഎസിഎസ് പദ്ധതികള്‍ക്ക് നബാര്‍ഡ് ഇതുവരെ 2970 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്.
കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി പദ്ധതിയുടെ പുരോഗമനപരമായ വിപുലീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. കൃഷിയെ ലാഭകരമായ വ്യവസായമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി ഉത്പാദനം വര്‍ധിപ്പിക്കുക, കൃഷിച്ചെലവ് കുറയ്‌ക്കുക, ഉല്‍പ്പാദനത്തിന് ന്യായവില നല്‍കുക, പ്രകൃതിദുരന്തങ്ങളില്‍ ഉചിതമായ തുക ആശ്വാസമായി നല്‍കുക, കൃഷിയുടെയും പ്രകൃതി കൃഷിയുടെയും വൈവിധ്യവല്‍ക്കരണം തുടങ്ങി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ആറിന തന്ത്രം ആവിഷ്‌കരിച്ചു. നിലവില്‍, ഹൈഡ്രോപോണിക് കൃഷി, കൂണ്‍ കൃഷി, ലംബകൃഷി, എയറോപോണിക് കൃഷി, പോളിഹൗസ്, ഹരിതഗൃഹം തുടങ്ങിയ കാര്‍ഷിക ആസ്തി വികസനത്തിനായുള്ള ചില പദ്ധതികള്‍ കര്‍ഷക സംഘങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. അതിന്റെ വ്യാപ്തിയിലെ സമീപകാല വികാസത്തിലൂടെ, വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് എഐഎഫിന് കീഴില്‍ അനുമതിക്ക് അര്‍ഹതയുണ്ട്. അതുപോലെ, വിളവെടുപ്പിന് ശേഷമുള്ള പരിപാലന പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക സംസ്‌കരണത്തില്‍ മാത്രമായി പരിമിതപ്പെടുത്തി. ഇപ്പോള്‍ സംയോജിത സംസ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി പദ്ധതിപരിരക്ഷ വിപുലീകരിക്കുന്നതിലൂടെയും പ്രാഥമിക-ദ്വിതീയ സംസ്‌കരണം ഉള്‍പ്പെടുന്ന സംയോജിത സംസ്‌കരണ നിലയങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കും.
ഇതിനുപുറമെ, പിഎം-കുസും (പ്രധാന്‍ മന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്ഥാന്‍ മഹാഭിയാന്‍) യോജനയുടെ ഘടകം എ, കൃഷിയോഗ്യമല്ലാത്ത ഭൂമി, തരിശുഭൂമി, കൃഷിയോഗ്യമായ ഭൂമി, മേച്ചില്‍പ്പുറങ്ങള്‍ അല്ലെങ്കില്‍ ചതുപ്പുനിലങ്ങള്‍ എന്നിവിടങ്ങളില്‍ 2 മെഗാവാട്ട് വരെയുള്ള സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള സൗകര്യം നല്‍കുന്നു. ഇത് എഐഎഫ് പദ്ധതിയുമായി എളുപ്പത്തില്‍ സംയോജിപ്പിക്കാന്‍ കഴിയും. ഇത് വ്യക്തിഗത കര്‍ഷകരെ സഹായിക്കുകയും കര്‍ഷകസംഘങ്ങളെ ശാക്തീകരിക്കുകയും അവരുടെ പങ്ക് ‘അന്നദാതാ’ (അന്നദാതാക്കള്‍) എന്നതില്‍നിന്ന് ‘ഊര്‍ജദാതാ’ (ഊര്‍ജദാതാക്കള്‍) ആയി മെച്ചപ്പെടുത്തുകയും ഗ്രാമീണ മേഖലകളില്‍ വിശ്വസനീയമായ സംശുദ്ധ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിനുപുറമെ, എഫ്പിഒകള്‍ക്കായി മാത്രമായി സൂക്ഷിച്ചിരുന്ന പ്രത്യേക വായ്പ ഈട് പരിരക്ഷ ജാലകം, അതായത് എന്‍എബി സംരക്ഷണ്‍ ട്രസ്റ്റി കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, എഐഎഫ് ഗുണഭോക്താക്കള്‍ക്കുമായും തുറക്കും. അതില്‍, അവിടെ അവര്‍ക്ക് ഗ്യാരണ്ടി ഫീസ് റീഇംബേഴ്‌സ്‌മെന്റിന് അര്‍ഹതയുണ്ടാകും.
കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി കാര്‍ഷിക മേഖലയുടെ വികസനത്തിനും കര്‍ഷകരുടെ ശാക്തീകരണത്തിനും സുസ്ഥിരമായ പരിഹാരം നല്‍കി, ഗണ്യമായ സംഭാവന നല്‍കുന്നു. കര്‍ഷകര്‍ നേരിടുന്ന ഏറ്റവും ചെറിയ പ്രശ്നങ്ങള്‍ പോലും പരിഹരിക്കപ്പെടുന്നു. ഇത് ‘വികസിത ഭാരതം’ എന്ന വികസിത കാര്‍ഷിക മേഖലയുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രധാന നാഴികക്കല്ലായി മാറും.