സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കും
ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കും. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കണം, അറ്റകുറ്റപ്പണികൾ നടത്തണം, എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം, സ്കൂളും പരിസരവും വൃത്തിയാക്കണം, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, സ്കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം, ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം, സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ മാറ്റണം, സ്കൂളിലേക്കുള്ള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശം നല്കി.സ്കൂൾ ബസുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം, ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്റർ ടീച്ചർമാർ സ്കൂൾ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം, എല്ലാ കുട്ടികളും സ്കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം, ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം കാമ്പയിൻ നടത്തണം, വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം, സ്കൂൾ പരിസരത്ത് ലഹരി പദാർഥങ്ങളുടെ ഉപയോഗവും വില്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം, എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ബോധവത്കരണ, എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും, പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പ്രതിപാദിച്ചിട്ടുണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാൻ കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണം ഉറപ്പാക്കണം, രക്ഷകർത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ് സംഘടിപ്പിക്കും. ജൂൺ 26ന് ആന്റിനാർക്കോട്ടിക് ദിനത്തിൽ കുട്ടികളുടെ പാർലമെന്റ് നടത്തണം. ഒക്ടോബർ രണ്ടിന് കുട്ടികളുടെ താമസസ്ഥലങ്ങളിൽ ജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും, നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ എത്തിക്കും.നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരും. ഡിസംബർ 10ന് ലഹരി വിരുദ്ധ സെമിനാർ നടത്തും. 2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തും. തെളിവാനം വരയ്ക്കുന്നവർ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയാറാക്കിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. എല്ലാ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്റർ പതിക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.