കളയാനുള്ളതെല്ലാം കമനീയമാകും; ആദിത്യയുടെ കൈയിലെത്തിയാൽ

ആദിത്യയെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് ഉപഹാരം നൽകി അനുമോദിച്ചു.

Feb 15, 2025
കളയാനുള്ളതെല്ലാം കമനീയമാകും; ആദിത്യയുടെ കൈയിലെത്തിയാൽ

കോട്ടയം: നിറം കൊടുത്തൊരുക്കിയിരിക്കുന്ന മനോഹര രൂപങ്ങൾ. കൂട്ടത്തിലൊന്നിന് സ്വർണ്ണ നിറം. സൂക്ഷിച്ചു നോക്കുമ്പോൾ കാണാം, ഫ്രെയിമിൽ ഒട്ടിച്ചു വച്ചിരിക്കുന്നതെല്ലാം നമുക്കത്രയ്ക്ക് പരിചയമുള്ള വസ്തുക്കൾ. താക്കോൽ, കത്രിക, വള, കുപ്പിയുടെ അടപ്പ്, പെൻസിൽ കട്ടർ... അങ്ങനെയങ്ങനെ. എല്ലാം ഉപയോഗിച്ചശേഷം ഓരോരുത്തർ വലിച്ചെറിഞ്ഞവ.
ആദിത്യ ബാബു എന്ന പതിനേഴുകാരിക്ക്  ഇവയൊന്നും  വലിച്ചെറിയാനുള്ളതല്ല.  എല്ലാം കൗതുകമുണർത്തുന്ന കൗശല വസ്തുക്കളാക്കി മാറ്റും ഈ മിടുക്കി.
തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് കോട്ടയം സിവിൽ സ്‌റ്റേഷനിൽ സംഘടിപ്പിച്ച മാലിന്യമുക്ത അവബോധന പരിപാടിയിൽ  ആദിത്യയുടെ  സൃഷ്ടികൾ പ്രദർശിപ്പിച്ചു. സാധാരണ കാണാറുള്ളതുപോലെയല്ല, ആദിത്യയുടെ 'ബോട്ടിൽ ആർട്ട്'. കുപ്പികളിലെ ചിത്രവർണ്ണങ്ങൾക്കു പുറമേ മുത്തുകൾ കൊണ്ടും വർണ്ണ നൂലുകൾ കൊണ്ടുമുള്ള  തൊങ്ങലുകൾ അവയ്ക്ക് വേറേ മാനം നൽകുന്നു. കവിളംമടലിന്റെ ഒരു കഷണം പോലും ഇവിടെ ക്യാൻവാസാണ്.  പ്ലാസ്റ്റിക് കുപ്പികൾ,  പേപ്പർ കപ്പുകൾ, കാർഡ്ബോർഡുകൾ, പഴയ പത്രങ്ങൾ,  ചിരട്ട, തെർമോകോൾ തുടങ്ങിയവയെല്ലാം കലാകാരിയുടെ കൈ തൊട്ടപ്പോൾ കമനീയമായി.  ചെറുപ്പം മുതലേ ചിത്രരചനയിലും കരകൗശലത്തിലും ആദിത്യ ശ്രദ്ധ നൽകിയിരുന്നു. അറുനൂറോളം കരകൗശലങ്ങൾ ഇതുവരെ നിർമ്മിച്ചു. കിടങ്ങൂർ എൻ.എൻ.എസ്. സ്‌കൂളിൽനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. ഇനി ഫാഷൻ ഡിസൈനിംഗ് മേഖലയിലേക്ക് കടക്കാനാണ് ആഗ്രഹം.    പൂർണ്ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. കിടങ്ങൂർ ഉത്തമേശ്വരം ക്ഷേത്രത്തിനു സമീപം തോട്ടുംകരയിൽ വീട്ടിൽ ബി. ബാബുവിന്റെയും സുവർണ്ണാ ദേവിയുടെയും  മകളാണ്. അമ്മ സുവർണ ദേവി കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാഗം  കൂടിയാണ്.സിവിൽ സ്റ്റേഷനിൽ നടന്ന മാലിന്യമുക്ത അവബോധന പരിപാടിയിൽ ആദിത്യയെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് ഉപഹാരം നൽകി അനുമോദിച്ചു.


ഫോട്ടോ ക്യാപ്ഷൻ

ജില്ലാ  തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് കോട്ടയം സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച മാലിന്യമുക്ത അവബോധന പരിപാടിയിൽ  പ്രദർശിപ്പിച്ച ആദിത്യ ബാബുവിന്റെ  സൃഷ്ടികൾ

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.