ന്യൂഡല്‍ഹി; 2024 ഓഗസ്റ്റ് 15
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 78-ാം സ്വാതന്ത്ര്യദിനത്തിൽ നടത്തിയ അഭിസംബോധനയിൽ ഇന്ത്യയുടെ വളർച്ച രൂപപ്പെടുത്തൽ, നൂതനാശയങ്ങൾക്കു നേതൃത്വം നൽകൽ, വിവിധ മേഖലകളിൽ ആഗോളതലത്തിലെ മുൻനിര രാഷ്ട്രമായി ഇന്ത്യയെ ഉയർത്തൽ എന്നിവയ്ക്കായുള്ള ഭാവിലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ അഭിസംബോധനയിലെ പ്രധാന ആശയങ്ങൾ ഇനി പറയുന്നു:
1. ജീവിതം സുഗമമാക്കൽ ദൗത്യം: ദൗത്യമെന്ന നിലയിൽ ‘ജീവിതം സുഗമമാക്കൽ’ ലക്ഷ്യമിടുന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി മോദി വിശദീകരിച്ചു. ചിട്ടയോടെയുള്ള വിലയിരുത്തിലുകളിലൂടെയും അടിസ്ഥാനസൗകര്യങ്ങളുടെയും സേവനങ്ങളുടെയും മെച്ചപ്പെടുത്തലിലൂടെയും നഗരപ്രദേശങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
2. നാളന്ദ ചൈതന്യത്തിന്റെ പുനരുജ്ജീവനം: ഉന്നതപഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള വിദ്യാഭ്യാസകേന്ദ്രമായി ഉയർത്തി, പുരാതന നാളന്ദ സർവകലാശാലയുടെ ചൈതന്യം പുനരുജ്ജീവിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചു. 2024-ൽ നാളന്ദ സർവകലാശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇതു കെട്ടിപ്പടുക്കുന്നത്.
3. ‘മെയ്ഡ് ഇൻ ഇന്ത്യ’ ചിപ്പ്-സെമി കണ്ടക്ടർ ഉൽപ്പാദനം: ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കാനും സാങ്കേതിക സ്വയംപര്യാപ്തത വർധിപ്പിക്കാനും ലക്ഷ്യമിട്ട്, സെമികണ്ടക്ടർ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി വിശദീകരിച്ചു.
4. നൈപുണ്യ ഇന്ത്യ: 2024ലെ ബജറ്റ് പരാമർശിച്ച്, ഇന്ത്യയിലെ യുവാക്കളെ പരിശീലിപ്പിക്കുന്നതിനും ലോകത്തിന്റെ നൈപുണ്യതലസ്ഥാനമായി മാറുന്നതിനുമായി ഗവണ്മെന്റ് പ്രഖ്യാപിച്ച സുപ്രധാന സംരംഭങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
5. വ്യാവസായിക ഉൽപ്പാദനകേന്ദ്രം: ഇന്ത്യയെ ആഗോള ഉൽപ്പാദനകേന്ദ്രമാക്കി മാറ്റുന്നതും രാജ്യത്തിന്റെ വിശാലമായ വിഭവങ്ങളും വൈദഗ്ധ്യമാർന്ന തൊഴിൽശക്തിയും പ്രയോജനപ്പെടുത്തുന്നതും പ്രധാനമന്ത്രി മോദി വിഭാവനംചെയ്തു.
6. “ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുക, ലോകത്തിനായി രൂപകൽപ്പന ചെയ്യുക”: തദ്ദേശീയമായ രൂപകൽപ്പനാവൈദഗ്ധ്യം ഉയർത്തിക്കാട്ടി, ആഭ്യന്തര-അന്തർദേശീയ വിപണികൾക്കനുസൃതമായ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
7. ആഗോള ഗെയിം വിപണിയിലെ മുൻനിരക്കാർ: ‘മെയ്ഡ് ഇൻ ഇന്ത്യ’ ഗെയിമിങ് ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ ഇന്ത്യ സമ്പന്നമായ പുരാതന പാരമ്പര്യവും സാഹിത്യവും പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കളിക്കുന്നതിൽ മാത്രമല്ല, ഗെയിമുകൾ നിർമിക്കുന്നതിലും ഇന്ത്യൻ പ്രൊഫഷണലുകൾ ആഗോള ഗെയിമിങ് വിപണിയെ നയിക്കണമെന്നും ഇന്ത്യൻ ഗെയിമുകൾ ലോകമെമ്പാടും മുദ്ര പതിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
8. ഹരിത തൊഴിൽമേഖലയും ഹരിത ഹൈഡ്രജൻ ദൗത്യവും: കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ ഹരിത തൊഴിലുകളുടെ പ്രാധാന്യത്തിനു പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. ഹരിത വളർച്ചയിലും ഹരിത തൊഴിലവസരങ്ങളിലുമാണ് ഇപ്പോൾ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇത് പരിസ്ഥിതിസംരക്ഷണത്തിനു സംഭാവന നൽകുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിലും പരിസ്ഥിതിസംരക്ഷണത്തിലും പുനരുപയോഗ ഊർജമേഖലകളിലും സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആഗോളതലത്തിൽ ഒന്നാമതെത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
9. സ്വസ്ഥ് ഭാരത് ദൗത്യം: ‘വികസിത ഭാരതം 2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, രാഷ്ട്രീയ പോഷൺ അഭിയാനു തുടക്കം കുറിച്ചതോടെ ആരംഭിച്ച ‘സ്വസ്ഥ് ഭാരത്’ പാതയിലൂടെ ഇന്ത്യ സഞ്ചരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
10. സംസ്ഥാനതല നിക്ഷേപ മത്സരം: നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സദ്ഭരണത്തിന്റെ ഉറപ്പുകൾ നൽകുന്നതിനും ക്രമസമാധാനനിലയിൽ ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന ഗവണ്മെന്റുകൾ വ്യക്തമായ നയങ്ങൾക്കു രൂപംനൽകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
11. ആഗോള മാനദണ്ഡങ്ങളായി ഇന്ത്യൻ മാനദണ്ഡങ്ങൾ: ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയുടെ പേരിൽ അംഗീകരിക്കപ്പെടാനുള്ള ഇന്ത്യയുടെ അഭിലാഷത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യൻ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളായി മാറാൻ ആഗ്രഹിക്കണമെന്ന് അഭിപ്രായപ്പെട്ടു.
12. കാലാവസ്ഥാവ്യതിയാന ലക്ഷ്യങ്ങൾ: 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷി കൈവരിക്കുകയെന്ന ഇന്ത്യയുടെ മഹത്തായ ലക്ഷ്യം പ്രധാനമന്ത്രി ആവർത്തിച്ചു. ജി-20 രാഷ്ട്രങ്ങളിൽ പാരിസ് ഉടമ്പടി ലക്ഷ്യങ്ങൾ നിറവേറ്റുന്ന ഏക രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
13. വൈദ്യശാസ്ത്ര വിദ്യാഭ്യാസ വിപുലീകരണം: രാജ്യത്തെ വൈദ്യശാസ്ത്ര വിദ്യാഭ്യാസശേഷി വർധിപ്പിക്കാനും ആരോഗ്യസംരക്ഷണ വിദഗ്ധരുടെ വർധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനും ലക്ഷ്യമിട്ട്, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതികൾ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
14. രാഷ്ട്രീയത്തിൽ പുതുരക്തം ഉൾപ്പെടുത്തൽ: ഒരുലക്ഷം യുവാക്കളെ, വിശേഷിച്ചും കുടുംബത്തിൽ രാഷ്ട്രീയ ചരിത്രമില്ലാത്തവരെ, രാഷ്ട്രീയ സംവിധാനത്തിലേക്കു കൊണ്ടുവരാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു. സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടെയും തിന്മകൾക്കെതിരെ പോരാടുന്നതിനും ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്കു സംശുദ്ധരക്തം പകരാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സംരംഭമെന്നു പ്രധാനമന്ത്രി പറഞ്ഞു.