മാലിന്യസംസ്കരണം വിഷയമാക്കാൻ സർവകലാശാലകളുമായി കൈകോർത്ത് ശുചിത്വ മിഷൻ
Sanitation Mission joins hands with universities to make waste management a topic
ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ മാലിന്യ സംസ്കരണം വിഷയമായി ഉൾപ്പെടുത്താനുള്ള ആദ്യഘട്ട ചർച്ചകൾക്ക് തുടക്കം കുറിച്ച് ശുചിത്വ മിഷൻ. സംസ്ഥാനത്തെ വിവിധ സർവകലാശാല പ്രതിനിധികളെ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ യു.വി.ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊതുവിദ്യാഭ്യാസ പഠ്യപദ്ധതിയിൽ വിഷയം ഉൾപ്പെടുത്തിയിരുന്നു.
കേരള, എംജി, കണ്ണൂർ, കോഴിക്കോട്, കുസാറ്റ്, ശ്രീ ശങ്കാരാചാര്യ സംസ്‌കൃത, കാർഷിക, എപിജെ അബ്ദുൾ കലാം ടെക്‌നോളജി, ശ്രീനാരായണ ഗുരുഓപ്പൺ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം, കേരള ഹെൽത്ത് സയൻസസ്, നാഷണൽ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ഡിജിറ്റൽ, ഫിഷറീസ് ആന്റ് ഓഷൻ സയൻസസ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലകളും കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, സെൻട്രൽ പോളിടെക്നിക്ക് തുടങ്ങിയ കലാലയങ്ങളിലേയും പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. സർവകലാശാല തലത്തിൽ ഓപ്പൺ കോഴ്‌സുകൾ, ഷോർട്ട് ടേം കോഴ്‌സുകൾ, ഇന്റേർൺഷിപ്പുകൾ, പ്രോജക്ടുകൾ തുടങ്ങിയവയിൽ മാലിന്യസംസ്‌കരണം പാഠ്യവിഷയമാക്കി നിലവിൽ നടപ്പിലാക്കുന്നതിന്റെ മാതൃകകളുടെ അവതരണം നടന്നു.
കില മുൻ ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഏകോപിപ്പിച്ച ചർച്ചകളിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ. സുധീന്ദ്രൻ കെ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. രഞ്ജിത് സുബാഷ്, ശുചിത്വ മിഷൻ ക്യാമ്പയിൻ കോർഡിനേറ്റർ എൻ.ജഗജീവൻ, ടാഗ്‌സ് ഫോറം ഡയറക്ടർ രോഹിത് ജോസഫ് എന്നിവർ സംബന്ധിച്ചു.