ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ ശിക്ഷാ ഇളവു നല്കി വിട്ടയയ്ക്കാനുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശം വിവാദമായതിനു പിന്നാലെ റദ്ദാക്കി ജയില്‍ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ.
ഹൈക്കോടതി ഉത്തരവു മറികടന്ന് ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള ശിപാര്‍ശ നല്കിയ കാര്യത്തില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോടു ജയില്‍ എഡിജിപി വിശദീകരണവും തേടി. കണ്ണൂരിലെ സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ നേതൃത്വത്തിലുള്ള ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിട്ടയയ്ക്കേണ്ടവരുടെ പട്ടിക തയാറാക്കിയതെന്നാണ് ജയില്‍ സൂപ്രണ്ട് നല്കിയ വിശദീകരണമെന്നാണു സൂചന. ഇതേത്തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് നല്കിയ പട്ടികയില്‍ ടി.പി. കേസിലെ പ്രതികളും ഉള്‍പ്പെട്ടതെന്നാണ് വ്യക്തമാകുന്നത്.
അതേസമയം, ടി.പി. ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി 10 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ശിക്ഷ ഇളവിന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം തടവുകാരുടെ പട്ടികയുണ്ടാക്കിയതിലാണ് ടി.പി. കേസ് പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ടത്. ഇവര്‍ക്ക് 20 വര്‍ഷം വരെ ശിക്ഷാ ഇളവു പാടില്ലെന്ന കോടതി ഉത്തരവുണ്ടായിരുന്നു.
ഇവരടക്കം നിരവധി പേരുടെ ശിക്ഷാവിധിയില്‍ ഇത്തരത്തിലുള്ള കോടതി നിര്‍ദേശമുണ്ട്. അവരെയെല്ലാം ഇളവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പട്ടികയിലുള്ള എല്ലാവരുടെയും ശിക്ഷാ ഇളവിന് പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കൂട്ടത്തില്‍ ടി.പി. കേസ് പ്രതികളുടെയും റിപ്പോര്‍ട്ട് തേടുകയായിരുന്നു. ഇവരുടെ പേര് ഒഴിവാക്കിയ ശേഷമാകും ശിക്ഷാ ഇളവിനുള്ള പട്ടിക ജയില്‍ വകുപ്പ് സര്‍ക്കാരിനു സമര്‍പ്പിക്കുക.