എരുമേലിയിലെ ടാക്സി സ്റ്റാൻഡ് തർക്കം: യോഗം ചേർന്നു
എരുമേലി: ടാക്സി സ്റ്റാൻഡ് സംബന്ധിച്ച തർക്കങ്ങളുടെ പരിഹാരം ചർച്ച ചെയ്യാൻ ചേർന്ന യോഗം സ്റ്റാൻഡുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കാൻ തീരുമാനിച്ച് പിരിഞ്ഞു.പേട്ടക്കവല - പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ ടാക്സി സ്റ്റാൻഡ് വിലക്കി നിലവിൽ ഹൈക്കോടതി ഉത്തരവുള്ളതും പഞ്ചായത്ത് പരിധിക്കുള്ളിൽ അംഗീകൃത ടാക്സി സ്റ്റാൻഡുകൾ നിശ്ചയിച്ച് പഞ്ചായത്ത് ഉത്തരവോ വിജ്ഞാപനമോ നാളിതുവരെ ഇല്ലാത്തതും മൂലം പ്രതിസന്ധി നിലനിൽക്കുകയാണ്. പഞ്ചായത്ത് രാജ് നിയമ പ്രകാരം വണ്ടിത്താവളമായി പഞ്ചായത്ത് വിജ്ഞാപനം പുറപ്പെടുവിച്ചാലാണ് അംഗീകൃത സ്റ്റാൻഡ് ആയി പ്രഖ്യാപിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ കഴിയുക. ഒപ്പം അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് ക്രമീകരിക്കുകയും ടാക്സി നിരക്കുകൾ, ഡ്രൈവർമാർ ചെയ്യേണ്ട സേവനങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുകയും വേണം. നിലവിൽ നിയമപരമായ ഇത്തരം പ്രാഥമിക കാര്യങ്ങൾ നടപ്പിലാക്കാൻ സ്ഥലപരിമിതികൾ പ്രതിസന്ധിയായി നിലനിൽക്കുകയാണ്. ഇതിനിടെയാണ് വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നത്.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, അംഗങ്ങളായ നാസർ പനച്ചി, ലിസി, സെക്രട്ടറി പി.പി. മണിയപ്പൻ, പോലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഭാരവാഹികൾ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ശബരിമല സീസണായാൽ പേട്ടതുള്ളലിന് റോഡിൽ ഇടമൊരുക്കാൻ എരുമേലി ടൗണിൽനിന്നു മാറേണ്ടി വരുന്ന ടാക്സികൾക്ക് സീസൺ കഴിയുമ്പോഴും സ്ഥലപരിമിതികൾ മൂലം സ്റ്റാൻഡില്ല. ടൗൺ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ വ്യാപാര സ്ഥാപനങ്ങൾക്ക് തടസമാകുന്നു. അംഗീകൃത സ്റ്റാൻഡ് പഞ്ചായത്ത് നിശ്ചയിച്ചിട്ടില്ലാത്തതുമൂലം കടകളുടെ മുന്നിൽ ടാക്സി സ്റ്റാൻഡ് കോടതി വിലക്കിയിരിക്കുകയുമാണ്. പഞ്ചായത്താകട്ടെ മുൻ ഭരണസമിതികൾ പലതവണ യോഗം വിളിച്ചു ചർച്ചകൾ നടത്തിയിട്ടും സ്റ്റാൻഡ് എവിടെയൊക്കെയെന്ന് നിശ്ചയിച്ചിട്ടുമില്ല.
എരുമേലി ടൗണിലും പരിസരങ്ങളിലും മാത്രമായി 500ൽ കൂടുതൽ ഓട്ടോറിക്ഷകൾ ഉണ്ടെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു.