വിശുദ്ധ അല്‍ഫോന്‍സ തിരുനാള്‍: ഉദ്യോഗസ്ഥതല യോഗം ചേർന്നു
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ക്രമീകരണങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി അല്‍ഫോന്‍സ ഷ്റൈനില്‍ ഇന്നലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ ആര്‍ഡിഒ കെ.പി. ദീപ, ഡിവൈഎസ്പി കെ. സദന്, പാലാ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. മഞ്ജിത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അല്‍ഫോന്‍സ ഷ്റൈന്‍ റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, ഇടവക പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീര്‍ഥാടനകേന്ദ്രം അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. മാര്ട്ടിന് കല്ലറക്കല്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഗതാഗത ക്രമീകരണങ്ങള്‍, ഹോട്ടലുകളിലെയും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും സുരക്ഷിതത്വം, ശുദ്ധജലത്തിന്റെ ലഭ്യത, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ വിലയിരുത്തല്‍ നടത്തി. ഉദ്യോഗസ്ഥരുടെയും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെയും ഭാഗത്തുനിന്നുള്ള സമ്പൂര്‍ണ സഹകരണം അവര്‍ ഉറപ്പു നൽകി.
27, 28 തീയതികളില്‍ ആവശ്യമായ പോലീസിനെ നൽകുന്നതിനുവേണ്ട ക്രമീകരണങ്ങള്‍, അനധികൃതമായ കടകളും വില്പനകളും നിരോധിക്കുക, വൈദ്യസഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍, അളവുതൂക്ക വിഭാഗത്തിന്റെ കടകളിലെ പരിശോധന, ഫുഡ് സേഫ്റ്റി വകുപ്പിന്റെ പരിശോധനകള്‍, തിരുനാള്‍ ദിവസങ്ങളില്‍ വൈദ്യുതി ലഭ്യത സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍, റോഡിലെ കുഴികള്‍ അടയ്ക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്യുക, കെഎസ്ആര്‍ടിസി ബസുകളുടെ ക്രമീകരണങ്ങള്‍, മദ്യപരുടെ ശല്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എന്നിവയെ സംബന്ധിച്ചെല്ലാം യോഗത്തില്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ നൽകി.