അല്‍ഫോന്‍സാമ്മയുടെ സമര്‍പ്പണത്തിന്റെ അടിത്തറ കുടുംബം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
ഭരണങ്ങാനം: കുടുംബങ്ങള്‍ പ്രേക്ഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതമെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. താമരശേരി രൂപതയില്‍ നിന്നെത്തിയ മുപ്പതിലധികം വൈദികര്‍ സഹകാര്‍മികരായിരുന്നു.
അല്‍ഫോന്‍സാമ്മയുടെ സമര്‍പ്പണത്തിന്റെ അടിത്തറ കുടുംബം ആയിരുന്നു. അല്‍ഫോന്‍സാമ്മ വിശുദ്ധരെക്കുറിച്ച് കേട്ടതും ഉപവസിക്കാന്‍ പരിശീലിച്ചതും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പഠിച്ചതും കുടുംബത്തില്‍ നിന്നാണ്. കുടുംബത്തില്‍നിന്ന് കിട്ടിയ പ്രാഥമിക പാഠങ്ങള്‍ അവള് സന്യാസജീവിതത്തില്‍ പരിശീലിക്കുകയായിരുന്നു. അതുകൊണ്ടു കുടുംബങ്ങളെ വിശുദ്ധിയോടുകൂടെ പരിപാലിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ബിഷപ് ഓര്‍മപ്പെടുത്തി.
ഇന്നലെ വിവിധ സമയങ്ങളിലായി പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫാ. അലക്സ് മൂലക്കുന്നേല്‍, ഫാ. മാര്ട്ടിന് കല്ലറയ്ക്കല്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍,ഫാ. അമല്‍ പുറത്തേട്ട് സിഎംഐ, ഫാ. ഇമ്മാനുവല്‍ കൊട്ടാരത്തില്‍, ഫാ. അലക്സാണ്ടര്‍ പൈകട, ഫാ. മാത്യു പുന്നത്താനത്തുകുന്നേല് എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ജോണ്‍ മണാങ്കല്‍ ജപമാല പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിച്ചു
അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന്
പുലര്‍ച്ചെ 5.30നു വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. അലക്സ് മൂലക്കുന്നേല്‍. 6.45നു വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. ജോസഫ് കടുപ്പില്‍. 8.30നു വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. ജോസഫ് പുരയിടത്തില്‍.10നു വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. ജോസഫ് മുത്തനാട്ട്. 11.30നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന - സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഉച്ചകഴിഞ്ഞു 2.30നു വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. ജോസഫ് പരവുമ്മേല്‍. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. അഗസ്റ്റിന് കച്ചിറമറ്റം. അഞ്ചിന് വിശുദ്ധ കുര്‍ബാന, നെവേന - ഫാ. ജോണ്സണ് പുള്ളീറ്റ്. രാത്രി 6.15നു ജപമാല പ്രദക്ഷിണം - ഫാ. ജോസഫ് കോനൂകുന്നേല്‍. രാത്രി ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. ജോര്‍ജ് ഒഴുകയില്‍.