അറുപത്തിരണ്ടരലക്ഷം പെൻഷൻകാരുടെ മസ്റ്ററിങ് ഇന്നുമുതൽ അക്ഷയ കേന്ദ്രങ്ങൾവഴി
സോജൻ ജേക്കബ്
കോട്ടയം :സംസ്ഥാനത്തെ അറുപത്തിരണ്ടരലക്ഷത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത് (62,53,330)സാമൂഹ്യസുരക്ഷാ ,ക്ഷേമനിധി ബോർഡ് പെൻഷൻകാരുടെ മസ്റ്ററിങ് ഇന്നുമുതൽ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി നടക്കും .ഇന്നുമുതൽ ആഗസ്റ്റ് 24 വരെയാണ് പെൻഷൻ മസ്റ്ററിങ് നടക്കുന്നത് .ഇതിൽ 49 ലക്ഷം (49,00484 ) ആളുകൾ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവരും ,പന്ത്രണ്ട് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരം (12,92,846) ആളുകൾ വിവിധ ക്ഷേമനിധിബോർഡ് പെൻഷൻ വാങ്ങുന്നവരുമാണ് .പെൻഷൻ മസ്റ്ററിങ് നടത്തിയാൽ മാത്രമേ ഇനി മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ എന്നതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ എത്തി ആധാർ കാർഡുമായി എത്തി മസ്റ്ററിങ് നടത്തുകയെന്നത് നിർബന്ധമാണ് .30 രൂപയാണ് അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ്ങിനായി ഗുണഭോക്താക്കൾ അടക്കേണ്ട തുക . കിടപ്പ് രോഗികളുടെ മസ്റ്ററിങ് നടത്തുന്നതിന് 50 രൂപയും ആണ് ഫീസ് .ഭിന്നശേഷിക്കാരായവരെയും, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ്ങിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് .കേന്ദ്രങ്ങളിൽ തിരക്ക് ഉണ്ടെങ്കിൽ അവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കൗണ്ടറുകളും , ഒന്നിലധികം ഉപകരണങ്ങളും ക്രമീകരിക്കുന്നതിന് അക്ഷയകേന്ദ്രങ്ങൾ സജ്‌ജമാണ് .മുൻവർഷങ്ങളിലും സമയബന്ധിതമായി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ അക്ഷയകേന്ദ്രങ്ങൾക്ക് കഴിഞ്ഞിരുന്നു . കിടപ്പുരോഗികളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈമാറുന്ന മുറക്ക് മസ്റ്ററിങ് വീടുകളിൽ പോയി അക്ഷയകേന്ദ്രങ്ങൾ ചെയ്യുന്നതാണ് .സംസ്ഥാനസർക്കാരിന്റേയും അക്ഷയയുടെയും അഭിമാന പദ്ധതിയാണ് പെൻഷൻ മസ്റ്ററിങ് . അക്ഷയ കേന്ദ്രങ്ങൾ മാത്രമാണ് മസ്റ്ററിങ് സേവനം ചെയ്യുന്നത്.