കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കം

വിവരശേഖരണം മൊബൈൽ ആപ്ലിക്കേഷനിലൂടെ

Oct 26, 2024
കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കം
KANNUKALI CENCUS

കോട്ടയം: കന്നുകാലി സെൻസസിന്റെ ജില്ലാതല വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം. ജില്ലയിൽ ആകെയുള്ള കന്നുകാലികൾ, പക്ഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കർഷകർ, വനിത സംരംഭകർ, ഗാർഹിക-ഗാർഹികേതര സംരംഭങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ വിശദവിവരങ്ങളും ശേഖരിക്കും. തെരുവ് കന്നുകാലികൾ, തെരുവുനായ്ക്കൾ, നാട്ടാനകൾ, അറവുശാലകൾ, മാംസസംസ്‌ക്കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. കുടുംബശ്രീ മിഷനിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് മുഖേന നിയോഗിച്ച എ ഹെൽപ്, പശു സഖി പ്രവർത്തകരാണ് ജില്ലയിലെ 580000 വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് വിവരശേഖരണം നടത്തുക. നാലുമാസം കൊണ്ട് സെൻസസ് പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
21-ാമത് കന്നുകാലി സെൻസസിന്റെ ജില്ലാതല വിവരശേഖരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ വസതിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച്  ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സജീവ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ഡോ. സായി പ്രസാദ്, മാർട്ടിൻ, ഉഷ സലി, സി.എസ്. ശ്രുതി എന്നിവർ പങ്കെടുത്തു.

കന്നുകാലി സമ്പത്ത് മെച്ചപ്പെടുത്താനുള്ള പരിപാടികളുടെ/പദ്ധതികളുടെ ആസൂത്രണം, രൂപീകരണം, നടപ്പാക്കൽ, നിരീക്ഷണം എന്നിവ സുഗമമാക്കുകയാണ് സെൻസസിന്റെ ലക്ഷ്യം. നടപ്പാക്കിയ പദ്ധതികളുടെ സ്ഥിതി മനസിലാക്കാനും പോരായ്മകൾ പരിഹരിക്കാനും പ്രവണതകൾ, രീതികൾ, വെല്ലുവിളികൾ എന്നിവ തിരിച്ചറിയാനും സെൻസസ് സഹായകമാകും.

വിവരശേഖരണം മൊബൈൽ ആപ്ലിക്കേഷനിലൂടെ

സെൻസസിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. വീടുകൾ തോറും കയറിയിറങ്ങിയാണ് വിവരശേഖരണം നടത്തുക. സൂപ്പർ വൈസർമാർ പ്രാഥമിക വിലയിരുത്തലിനു ശേഷം ഇവ ജില്ലാതലത്തിൽ സമർപ്പിക്കും. തുടർന്ന് അത് സംസ്ഥാനതലത്തിലേക്കും ദേശീയ തലത്തിലേക്കും നൽകും. കുടുംബശ്രീ മുഖേന തെരഞ്ഞെടുത്തവരിൽ പരിശീലനം വിജയകരമായി പൂർത്തീകരിച്ചവരാണ് പശു സഖിമാർ. പശു സഖിമാർക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനകേന്ദ്രം വഴി പ്രത്യേക പരിശീലനം നൽകി എ ഹെൽപ് പരിശീലകരാക്കി മാറ്റിയിട്ടുണ്ട്. വകുപ്പിന്റെയും കർഷകരുടെയും ഇടയിലുള്ള കണ്ണിയായാണ് എ ഹെൽപ് പ്രവർത്തകർ ഇടപെടുക. 182 പശു സഖിമാരാണ് ജില്ലയിലുള്ളത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.