നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂര പീഡനത്തിനിരയായ സംഭവം പുതിയ സംഘം അന്വേഷിക്കും;പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
ഫറോഖ് എ.സി.പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷിക്കുക.
പറവൂർ: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂര പീഡനത്തിനിരയായ സംഭവം പുതിയ സംഘം അന്വേഷിക്കും. ഫറോഖ് എ.സി.പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷിക്കുക. കൂടാതെ, ഒളിവിലുള്ള പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. അന്വേഷണ സംഘം കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.ഗാർഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ്.എച്ച്.ഒ കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ നേരത്തെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ക്രൂര പീഡനം നടത്തിയ കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി രാഹുൽ പി. ഗോപാലിന്റെ (29) പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയോട് നീതി കാണിച്ചില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു