കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ ഗവേഷണത്തിന് അപേക്ഷിക്കാം
ഗവേഷണത്തിനുള്ള പരമാവധി കാലാവധി അഞ്ച് വർഷം. ഗവേഷണം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഫിലിയേറ്റ് ചെയ്ത യൂണിവേഴ്സിറ്റിയുടെ ബിരുദം ലഭിക്കും.
തിരുവനന്തപുരം : കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു.വൈറസ് ആപ്ലിക്കേഷൻസ്, വൈറൽ വാക്സിൻസ്, ആന്റിവൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറസ് എപ്പിഡെമിയോളജി, വെക്റ്റർ ഡൈനാമിക്സ് ആൻഡ് പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ വൈറോളജി, വൈറസ് ജീനോമിക്സ്, ബയോ ഇൻഫർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാന്തര ബിരുദം, എം.ബി.ബി.എസ്/ ബി.ഡി.എസ് ബിരുദം അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 60 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. ജോയിന്റ് സി.എസ്.ഐ.ആർ/ യുജിസി-നെറ്റ്, ഡി.ബി.ടി/ ഐ.സി.എം.ആർ ജെ.ആർ.എഫ് അല്ലെങ്കിൽ തത്തുല്യമായ ഫെലോഷിപ്പ് ഉണ്ടായിരിക്കണം.റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി) ഫരീദാബാദ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) എന്നീ യൂണിവേഴ്സിറ്റികളുമായി ഐ.എ.വി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഗവേഷണത്തിനുള്ള പരമാവധി കാലാവധി അഞ്ച് വർഷം. ഗവേഷണം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഫിലിയേറ്റ് ചെയ്ത യൂണിവേഴ്സിറ്റിയുടെ ബിരുദം ലഭിക്കും.https://forms.gle/1oHUrLgr2YCfuWgWA ഓൺലൈൻ ലിങ്കിലൂടെ നവംബർ 25നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമും കൂടുതൽവിവരങ്ങളും www.iav.kerala.gov.in ൽ ലഭ്യമാണ്.