നെറ്റിയില്‍ ആഴത്തില്‍ മുറിവ്; ലണ്ടനില്‍ വെടിയേറ്റ മലയാളി പെണ്‍കുട്ടിയുടെ നില ഗുരുതരം
ATTACK
ലണ്ടന്‍: മലയാളി പെണ്‍കുട്ടിക്ക് അജ്ഞാതന്റെ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. എറണാകുളം പറവൂര്‍ ഗോത്തുരുത്ത് സ്വദേശികളായ വിനയ - അജീഷ് ദമ്പതികളുടെ മകളായ ലിസ മരിയക്കാണ് വെടിയേറ്റത്. പത്ത് വയസ്സുകാരിയായ ലിസയും മറ്റ് മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 9.30ന് ആണ് ലണ്ടന്‍ മഹാനഗരത്തെയും മലയാളികളേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ലണ്ടന്‍ പൊലീസും ആശുപത്രി അധികൃതരും അറിയിച്ചത്.
വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടിയുടെ തലയില്‍ നെറ്റിയോട് ചേര്‍ന്ന് ആഴത്തില്‍ മുറിവുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല.
ഒരു ബൈക്കില്‍ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ച് കടന്ന് കളയുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിംഗ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റില്‍ പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
അക്രമിയെ ഇനിയും പിടികൂടിയിട്ടില്ല. ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്