കർഷകർക്ക് പ്രതീക്ഷയേകി കൊക്കോവില വീണ്ടും ഉയരുന്നു
ഉത്പാദനം വേണ്ടത്ര ഇല്ലാത്തതാണ് വില വീണ്ടും ഉയരാൻ കാരണം
കട്ടപ്പന: മേയിൽ സർവകാല റെക്കോഡിട്ട കൊക്കോവില ഒന്നരയാഴ്ചകൊണ്ടാണ് പകുതിയിലധികം താഴ്ന്നത്. എന്നാൽ കർഷകർക്ക് പ്രതീക്ഷയേകി, ഒരിടവേളയ്ക്കുശേഷം കൊക്കോവില വീണ്ടും ഉയരുകയാണ്. ഉത്പാദനം വേണ്ടത്ര ഇല്ലാത്തതാണ് വില വീണ്ടും ഉയരാൻ കാരണം.240 രൂപ ശരാശരി വിലയുണ്ടായിരുന്ന കൊക്കോ പരിപ്പിന്റെ വില ഏപ്രിലിലാണ് ഉയർന്നുതുടങ്ങിയത്. മേയ് ആദ്യവാരം വില 1000-1080 രൂപയിലെത്തി. എന്നാൽ പിന്നീട് ഒന്നരയാഴ്ചകൊണ്ട് വില കുത്തനെ ഇടിഞ്ഞു. ഇടുക്കിയിലെ കമ്പോളങ്ങളിൽ, ജൂൺ പകുതിയായപ്പോൾ വില 480 രൂപയായി. എന്നാൽ ഒരാഴ്ചയായി വില നേരിയതോതിൽ വീണ്ടും ഉയരുന്നു. ഇടുക്കിയിലെ കമ്പോളങ്ങളിൽ ഇപ്പോൾ 600 രൂപ വരെ വില കിട്ടുന്നുണ്ട്.ഹൈറേഞ്ചിലെ വ്യാപാരികളിൽനിന്നും, പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടേയും പ്രൈവറ്റ് കമ്പനികളുടേയും ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് അയക്കുന്നത്. കൊക്കോ ഉത്പാദനത്തിൽ മുന്നിൽനിൽക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് കൃത്രിമ ബദലുകൾ നിർമിക്കാനാകാത്തതുമാണ് വില തീരെ താഴാത്തതിനുകാരണം. പ്രതിവർഷം 20 ശതമാനത്തോളം ആവശ്യം ആഭ്യന്തരവിപണിയിൽ കൂടുന്നുമുണ്ട്.