ജെസ്ന തിരോധാനം: സിബിഐ തുടരന്വേഷണം തുടങ്ങി
CBI
കോട്ടയം: ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശത്തില്‍ സിബിഐ വീണ്ടും അന്വേഷണം തുടങ്ങി. സിബിഐ നടത്തിയ ആദ്യ അന്വേഷണത്തില്‍ ശ്രദ്ധിക്കാതെ പോയ വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ചാണ് അഞ്ചംഗ സ്പെഷല്‍ ടീം അന്വേഷണം നടത്തിവരുന്നത്.എരുമേലി, മുണ്ടക്കയം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടന്നുവരുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്.
ജെസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫിന്റെ ഹർജി. താന്‍ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
പിതാവ് ഹാജരാക്കിയ തെളിവുകളും കേസ് ഡയറിയും ഒത്തുനോക്കി പിതാവ് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ സിബിഐ പരിശോധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവുണ്ടായത്. താന്‍ നല്കിയ തെളിവുകളില്‍ ആറു മാസമെങ്കിലും സിബിഐ അന്വേഷിക്കണമെന്നും ഒന്നും കണ്ടെത്താനാവുന്നില്ലെങ്കില്‍ തെളിയാത്ത കേസായി തള്ളാമെന്നും ജയിംസ് ജോസഫ് കോടതിയെ അറിയിച്ചിരുന്നു.
മുണ്ടക്കയത്തിനു സമീപം ഒരു കേന്ദ്രത്തില്‍ ജെസ്ന വ്യാഴാഴ്ചകളില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്ന സാഹചര്യം, ദുരൂഹസാഹചര്യത്തിലുള്ള ചില ഫോട്ടോകള്‍, സൗഹൃദം എന്നിവയെല്ലാം അന്വേഷണപരിധിയിലുണ്ട്. ഏതാനും സഹപാഠികള്‍, അധ്യാപകര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.