ബ്രെയിൽ സാക്ഷരതാ പരിപാടി കോട്ടയം ജില്ലയിൽ തുടങ്ങുന്നു
40 ശതമാനം കാഴ്ച പരിമിതിയുള്ളവരെ ബ്രെയിൽ ലിപിയിലൂടെ അക്ഷര ലോകത്തേയ്ക്ക് എത്തിക്കുന്ന പദ്ധതിയാണിത്.
കോട്ടയം : കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ തയ്യാറാക്കിയ ദീപ്തി ബ്രെയിൽ സാക്ഷരതാ പരിപാടി കോട്ടയം ജില്ലയിലും തുടങ്ങുന്നു. 40 ശതമാനം കാഴ്ച പരിമിതിയുള്ളവരെ ബ്രെയിൽ ലിപിയിലൂടെ അക്ഷര ലോകത്തേയ്ക്ക് എത്തിക്കുന്ന പദ്ധതിയാണിത്.ജില്ലയിലെ ആശാ വർക്കർമാർ , അംഗൻവാടി ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ സർവേ നടത്തി 46 ഗുണഭോക്താക്കളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.മാർച്ചിൽ പരീക്ഷ നടത്തുന്ന നിലയിൽ പഠനസമയം ക്രമപ്പെടുത്തും. ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ളവരെ പഠനകേന്ദ്രങ്ങളിൽ ഇൻസ്ട്രക്ടറായി നിയോഗിക്കും. ഇവർക്ക് ഓണറേറിയം നൽകും. പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ പഠന കേന്ദ്രത്തിൽ തയ്യാറാക്കും. ഞായറാഴ്ചകളിലാകും ക്ലാസുകൾ ക്രമീകരിക്കുക. കാഴ്ച വെല്ലുവിളി നേരിടുന്ന നിരക്ഷരരെ മാർച്ച് മാസത്തോടെ സാക്ഷരരാക്കി മാറ്റുന്നതിനാണ് പരിശ്രമിക്കുന്നത്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ് എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.