ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ട പശുക്കൾക്ക് ഭക്ഷണമെത്തിച്ച് ക്ഷീര വികസന വകുപ്പ്
വെറ്റിനറി ഡോക്ടർമാരുടെ രക്ഷാപ്രവർത്തന ടീമിന്റെയൊപ്പമാണ് ഈ പ്രവർത്തനം.

വയനാട് :മുണ്ടക്കൈയിലെ മഹാ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾക്ക് ഭക്ഷണം നൽകുന്നത് തുടർന്ന് ക്ഷീര വികസന വകുപ്പ്. വെറ്റിനറി ഡോക്ടർമാരുടെ രക്ഷാപ്രവർത്തന ടീമിന്റെയൊപ്പമാണ് ഈ പ്രവർത്തനം.കഴിഞ്ഞ ദിവസങ്ങളിലായി ക്ഷീരവികസന വകുപ്പ് തീറ്റപ്പുല്ലും കാലിത്തീറ്റയും നേരിട്ട് ചൂരൽമല സംഘത്തിലും സാധ്യമായ കർഷകർക്കും എത്തിക്കുന്നുണ്ട്.മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും ചൂരൽമല ക്ഷീരസംഘത്തിലെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. ദുരന്തത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി സംഘം ഭാഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രാത്രിയിലും കെട്ടിയിടുന്ന രീതി പിന്തുടരാതിരുന്നത്കൊണ്ടായിരിക്കാം ദുരന്തത്തിൽ മരണപ്പെട്ട കാലികളുടെ എണ്ണത്തിൽ കുറവുണ്ടായതെന്ന് ഈ മേഖലയിലെ പരിചയ സമ്പന്നരായ കർഷകർ പറയുന്നു. മൃഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടിയന്തരമായി ഇടപെട്ടാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തനം നടത്തുന്നത് എന്നുള്ളതാണ് മേഖലയിൽ കുറച്ചെങ്കിലും ആശ്വാസം പകരുന്നത്.