ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ ഡി പ്രതാപൻ ഇ ഡി കസ്റ്റഡിയില്‍
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കെഡി പ്രതാപനെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹൈറിച്ച് കമ്പനി ഡയറക്ടർ കെഡി പ്രതാപനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടത്. വിദേശത്തേക്ക് പ്രതാപൻ കടത്തിയ കള്ളപ്പണത്തെ കുറിച്ച് അറിയാൻ ഇന്നും നാളെയും പ്രതാപനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.
എന്നാല്‍, ഒരു ദിവസത്തേക്കാണ് കോടതി പ്രതാപനെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഹൈറിച്ച് മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് ശൃംഖലയില്‍ പങ്കാളികളായ നിക്ഷേപകരുടെയും പ്രതാപൻറെ ഭാര്യ ശ്രീനയുടെയും ചോദ്യം ചെയ്യല്‍ ഇഡി പൂർത്തിയാക്കിയിരുന്നു. ഇവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതാപനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.
കെ.ഡി. പ്രതാപൻ സാമ്പത്തിക സ്ഥാപനങ്ങൾ വഴി നിക്ഷേപം സ്വീകരിച്ച് വലിയതോതിൽ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലടക്കം വിവിധയിടങ്ങളിൽ ഇ.ഡി റെയ്ഡുകൾ നടത്തിയിരുന്നു. പുണെയിലും ഝാർഖണ്ഡിലുമൊക്കെ സ്വത്തുക്കൾ കണ്ടെത്തി മരവിപ്പിച്ചിരുന്നു. ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെ വൻതുക ഹൈറിച്ച് പ്രമോട്ടർമാർ സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അംഗത്വ ഫീസ് ഇനത്തിൽ മാത്രം പ്രതികൾ 1500 കോടി രൂപ ഇടപാടുകാരിൽനിന്ന് വാങ്ങിയെടുത്തെന്നും ഇതിൽനിന്ന് 250 കോടി രൂപ പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നും ഇ.ഡി വിലയിരുത്തുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിൽ ഇടപാടുകാരെ സൃഷ്ടിച്ചായിരുന്നു ഹൈറിച്ച് പ്രവർത്തനം. പുതിയ ഇടപാടുകാരെ ചേർക്കുന്നവർക്ക് കമീഷൻ വാഗ്ദാനം ചെയ്തിരുന്നു.
നിലവില്‍ എറണാകുളം ജില്ലാ ജയിലില്‍ റിമാൻഡിലാണ് പ്രതാപൻ. നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കള്ളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താൻ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.