നടപ്പാതകൾ കൈയേറുന്നതിനെതിരേ നടപടി വേണമെന്നു ജില്ലാ വികസന സമിതി

Jun 29, 2024
നടപ്പാതകൾ കൈയേറുന്നതിനെതിരേ നടപടി വേണമെന്നു ജില്ലാ വികസന സമിതി

കോട്ടയം: റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അപകടകരമായ മരങ്ങൾ ഉടൻ തന്നെ മുറിച്ചുമാറ്റണമെന്നും നടപ്പാതകൾ കൈയേറുന്നതിനെതിരേ നടപടി വേണമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യം. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നു ജില്ലാ കളക്ടർ നിർദേശിച്ചു. താലൂക്ക് സമിതികളിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയതോടെ താലൂക്ക്തല സമിതികൾ പുനസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മഴ കനത്തതോടെ കച്ചവടക്കാർ നടപ്പാതകൾ കൈയേറിയിരിക്കുകയാണെന്നും വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇതിനെതിരേ കർശന നടപടി സ്വീകരിക്കമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. പഴയ ക്വാറികൾ ഉപക്ഷേിക്കപ്പെട്ട സ്ഥലത്തെ കുളങ്ങളിൽ മുങ്ങിമരണങ്ങളുണ്ടാകുന്നതു പതിവാണെന്നു ചൂണ്ടിക്കാട്ടിയ സർക്കാർ ചീഫ് വിപ്പ് ക്വാറികൾക്ക് ലൈൻസ് നൽകുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള വ്യവസ്ഥകൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പൊന്തൻപുഴ വനാതിർത്തിക്കു പുറത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കു പട്ടയം നൽകുന്നതിനായി ഫീൽഡ് സർവേ നടപടികൾ ആരംഭിച്ചായി ഡോ. എൻ. ജയരാജിനെ യോഗം അറിയിച്ചു. സ്‌കൂൾ വിട്ടുവരുന്ന സമയത്തു ബൈക്കുകളിലുള്ള അഭ്യാസങ്ങളുമായി കറങ്ങി നടക്കുന്ന സംഘങ്ങൾക്കെതിരേ രക്ഷാകർത്താക്കളും സ്‌കൂൾ അധികൃതരും പരാതി നൽകിയിട്ടുണ്ടെന്നും ഇതിനെതിരേ കർശന നടപടിയെടുക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു.

കാട്ടിക്കുന്ന്-തുരുത്തേൽ പാലത്തിന്റെ അനുബന്ധ റോഡിനായുള്ള സർവേ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് സി.കെ. ആശ എം.എൽ.എയെ യോഗം അറിയിച്ചു. ടോൾ ചെമ്മനാകരി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലുണ്ടാകണമെന്ന് സി.കെ. ആശ എം.എൽ.എ. ആവശ്യപ്പെട്ടു. മറവൻതുരുത്തിലെ ടാങ്കിന്റെ പണികൾ പൂർത്തിയായാൽ വൈക്കം നിയോജകമണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ നൂറു ശതമാനവും പൂർത്തീകരിക്കാനാകുമെന്നും യോഗം സി.കെ. ആശ എം.എൽ.എയെ അറിയിച്ചു.

മഴമാറിയാലുടൻ എം.സി. റോഡിലെ കുഴികളടക്കാൻ നടപടികൾ തുടങ്ങുമെന്ന് ജോബ് മൈക്കിൾ എം.എൽ.എയുടെ ചോദ്യത്തിനു മറുപടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തും മുസ്ലിം പള്ളി പരിസരത്തും നടപ്പാതയിലെ ഇന്റർലോക്ക് കട്ടകൾ ഇളകികിടക്കുകയാണെന്നും പുനർവിന്യസിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിലെ കുഴികൾ മഴ മാറിയാലുടൻ അടിയന്തരമായി അടയ്ക്കമെന്നും ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ തടി റോഡരികിൽതന്നെ കൂട്ടിയിടുന്നത് അപകടങ്ങൾക്കു കാരമണാകുമെന്നും ഇതു നീക്കാൻ അടിയന്തരനടപടി ഉണ്ടാകണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു.

വിനോദസഞ്ചാരികൾക്കു കൂടി ഉപകാരപ്രദമാകുന്ന തരത്തിൽ കുമരകം-മൂന്നാർ റൂട്ടിൽ റോഡ് സംബന്ധിച്ച സാധ്യതകൾ പരിശോധിക്കമെന്നു അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

പൂഞ്ഞാർ മണ്ഡലത്തിൽ വന്യമൃഗശല്യം ചെറുക്കുന്നതിന് ഹാങ്ങിങ് ഫെൻസുകളും കിടങ്ങുകളും നിർമിക്കുന്നതിനുള്ള നടപടി അടിയന്തരമായി പൂർത്തിയാക്കണമെന്നു സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു. ഫെൻസിങ്ങുകൾ സ്ഥാപിക്കുമ്പോൾ കർക്കശമായ ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്നും അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. ഹിൽമെൻ സെറ്റിൽമെന്റ് പട്ടയം നൽകുന്നതിനായി എരുമേലി വടക്ക് വില്ലേജ് ഓഫീസിൽ ആരംഭിച്ച സ്‌പെഷൽ തഹസീൽദാരുടെ ഓഫീസ് മുണ്ടക്കയത്തെ ഓഫീസിലേക്കു മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സബ്് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, അസിസ്റ്റന്റ് പ്ലാനിങ് ഒാഫീസർ പി.എ. അമാനത്ത്, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

*ഫോട്ടോക്യാപ്ഷൻ:* ജില്ലാ വികസന സമിതി യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സംസാരിക്കുന്നു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, സി.കെ. ആശ എം.എൽ.എ. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, അസിസ്റ്റന്റ് പ്ലാനിങ് ഒാഫീസർ പി.എ. അമാനത്ത് എന്നിവർ സമീപം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.