പമ്പാവാലിയെ ബഫർ സോൺ മുക്തമാക്കൽ: കേന്ദ്ര അനുമതി ഉടനെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ
കണമല: പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ ബഫർ സോൺ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ കേന്ദ്ര അനുമതിയുടെ പടിവാതിലിൽ. സംസ്ഥാന സർക്കാർ പരിവേഷ് പോർട്ടലിലൂടെ അംഗീകാരത്തിനായി സമർപ്പിച്ച രേഖകൾ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനയിൽ. ഇത് പൂർത്തിയായാൽ കേന്ദ്ര അനുമതി സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകും. അനുമതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു."പ്രദേശത്തിന്റെ എംഎൽഎ എന്ന നിലയിൽ ഞാൻ ഉന്നയിച്ച ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മുഖ്യമന്ത്രി ബഹു. പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വനം-വന്യജീവി ബോർഡ് ഈ പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവ്വിൽ നിന്നും ഒഴിവാക്കാൻ തീരുമാനിക്കുകയും,ഇപ്പോൾ അത് നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് പരിവേഷ് പോർട്ടലിലൂടെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയുമാണ്. ഈ അംഗീകാരം ലഭിക്കുന്നതോടുകൂടി പമ്പാവാലിയിലെയും, എയ്ഞ്ചൽവാലിയിലെയും ജനങ്ങൾ മറ്റേത് ജനവാസ മേഖലയും പോലെ ഔദ്യോഗിക ജനവാസ മേഖലയാവുകയും, പരിപൂർണ്ണ കൈവശ-ഉടമസ്ഥ അവകാശ അധികാരങ്ങളുള്ള റവന്യൂ ഭൂമിയുടമകളായി മാറുകയും ചെയ്യും."
എരുമേലി ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളാണ് പമ്പാവാലിയും എയ്ഞ്ചൽവാലിയും. രണ്ട് വാർഡുകളും കഴിഞ്ഞ 46 വർഷമായി പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായിരുന്നു. കടുവാ സംരക്ഷണത്തിനായി 1978 ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ചപ്പോൾ പമ്പ, അഴുത നദികൾ അതിർത്തിയായി നിശ്ചയിച്ചു. അതുപ്രകാരം 1950-55 കാലഘട്ടം മുതൽ ജനവാസ മേഖലയും കാർഷിക മേഖലയുമായിരുന്ന പമ്പാവാലിയും എയ്ഞ്ചൽവാലിയും വനം വകുപ്പിലെ രേഖകളിൽ വനമേഖലയായി നിലനിന്നിരുന്നു. ഇതുമൂലമാണ് ബഫർ സോൺ പരിധിയിൽ പ്രദേശങ്ങൾ ഉൾപ്പെട്ടത്. ഇതിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നൂറോളം പേരാണ് സമരങ്ങളുടെ പേരിൽ കേസുകളിൽ പ്രതികളായത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി കോടതിയിൽനിന്ന് 60 ഓളം പേർക്ക് ജാമ്യം അനുവദിച്ചിരുന്നു.
ബഫർ സോണിൽനിന്ന് പ്രദേശങ്ങളെ നീക്കണമെങ്കിൽ ആദ്യം പെരിയാർ കടുവാ സങ്കേത പരിധിയിൽനിന്ന് ഒഴിവാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ ഫലമായി പ്രദേശങ്ങളെ കടുവാ സങ്കേതത്തിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന വനം, വന്യജീവി ബോർഡ് തീരുമാനിച്ചു. ഈ തീരുമാനത്തിന് ഇനി കേന്ദ്ര അംഗീകാരം ലഭിക്കുന്നതോടെ ശാശ്വത പരിഹാരമാകും. ഇതോടെ പമ്പാവാലിയും എയ്ഞ്ചൽവാലിയും മറ്റേത് ജനവാസ മേഖലയും പോലെ ഔദ്യോഗിക ജനവാസ മേഖലയാവുകയും പരിപൂർണ കൈവശ-ഉടമസ്ഥാവകാശ അധികാരങ്ങളുള്ള റവന്യൂ ഭൂമിയുടമകളായി ജനങ്ങൾ മാറുകയും ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.