അമേരിക്കയെയും ലോകത്തെയും നടുക്കിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് 23 വയസ്
2001 സെപ്റ്റംബർ 11ന് അമേരിക്കയ്ക്കെതിരേ അൽക്വയ്ദ ഭീകരർ നടത്തിയ നാല് ഏകോപിത ഭീകരാക്രമണങ്ങളാണ് 9/11 എന്നറിയപ്പെടുന്നത്.
ന്യൂയോർക്ക്: അമേരിക്കയെയും ലോകത്തെയും നടുക്കിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് 23 വയസ്. 2001 സെപ്റ്റംബർ 11ന് അമേരിക്കയ്ക്കെതിരേ അൽക്വയ്ദ ഭീകരർ നടത്തിയ നാല് ഏകോപിത ഭീകരാക്രമണങ്ങളാണ് 9/11 എന്നറിയപ്പെടുന്നത്.19 ഭീകരർ സംഘങ്ങളായി തിരിഞ്ഞ് നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചിയായിരുന്നു ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടത്തിയത്. റാഞ്ചിയ രണ്ടു വിമാനങ്ങളുമായി ഭീകരർ അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിലുള്ള ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകളിലേക്ക് ഇടിച്ചുകയറ്റി നിശേഷം തകർത്തു.ഇതേസമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന് പെൻസിൽവനിയയിലെ സോമർസെറ്റ് കൗണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നുവീണു.സംഭവത്തിനു പിന്നാലെ ആഗോള ഭീകരതയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക ഭീകരരുടെ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും താവളങ്ങൾ തകർത്തു. അൽക്വയ്ദ ഭീകരസംഘടനയെ ഏറെക്കുറെ തകർത്ത അമേരിക്ക അതിന്റെ തലവൻ ഒസാമ ബിൻ ലാദനെയും മിക്ക നേതാക്കളെയും പിന്നീട് വകവരുത്തി.ഭീകരതയുടെ പുതിയ രൂപമായി വന്ന ഐഎസിനെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ ഇല്ലാതാക്കി. ഇന്നും ഭീകരതയ്ക്കെതിരേ ശക്തമായ നിലപാടാണ് അമേരിക്കയും സഖ്യകക്ഷികളും സ്വീകരിച്ചുവരുന്നത്.