നവോദയ വിദ്യാലയത്തിൽ ആറാംക്ലാസ് പ്രവേശനം; സെലക്‌ഷൻ ടെസ്റ്റിന് അപേക്ഷിക്കാം
ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളെ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച നവോദയ വിദ്യാലയങ്ങൾ മികച്ചനിലവാരമുള്ള പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സൗജന്യമായി പഠിക്കാനും അവസരം ഒരുക്കുന്നു.
ജവഹർ നവോദയ വിദ്യാലയ(ജെ.എൻ.വി.)ങ്ങളിലെ 2025-ലെ ആറാം ക്ലാസിലെ പ്രവേശനത്തിനുള്ള സെലക്‌ഷൻ ടെസ്റ്റിന് അപേക്ഷിക്കാം. ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളെ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച നവോദയ വിദ്യാലയങ്ങൾ മികച്ചനിലവാരമുള്ള പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സൗജന്യമായി പഠിക്കാനും അവസരം ഒരുക്കുന്നു.27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൊത്തം 653 വിദ്യാലയങ്ങൾ നിലവിലുണ്ട്. കേരളത്തിൽ 14 ജവഹർ നവോദയ വിദ്യാലയങ്ങളുണ്ട്. കേരളത്തിലെ ജെ.എൻ.വി. കൾ: ചെന്നിത്തല (ആലപ്പുഴ), നേരിയമംഗലം (എറണാകുളം), കുളമാവ് (ഇടുക്കി), ചെണ്ടയാട് (കണ്ണൂർ), പെരിയ (കാസർകോട്), വടകര (കോഴിക്കോട്), കൊട്ടാരക്കര (കൊല്ലം), വടവാതൂർ (കോട്ടയം), വെൺകുളം (മലപ്പുറം), മലമ്പുഴ (പാലക്കാട്), വെച്ചൂച്ചിറ (പത്തനംതിട്ട), വിതുര (തിരുവനന്തപുരം), മായന്നൂർ (തൃശ്ശൂർ), ലക്കിടി (വയനാട്)
യോഗ്യത
അപേക്ഷാർഥികൾ പ്രവേശനം നേടുന്ന ജില്ലയിൽ താമസിക്കുന്നവരാകണം. 2024-25 അധ്യയനവർഷത്തിൽ പൂർണമായും ആ ജില്ലയിലെ സർക്കാർ/സർക്കാർ എയ്ഡഡ്/അംഗീകൃത സ്കൂളിൽ, അല്ലെങ്കിൽ എൻ.ഐ.ഒ.എസിന്റെ, ബി- സർട്ടിഫിക്കറ്റ് കോംപീറ്റൻസി കോഴ്സിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. 2024-25ൽ അഞ്ചാം ക്ലാസ് പരീക്ഷ ജയിക്കുകയും വേണം. നവോദയ പ്രവേശനപരീക്ഷ ഒരിക്കൽ അഭിമുഖീകരിച്ചവർക്ക് വീണ്ടും പ്രവേശനപരീക്ഷ എഴുതാൻ അർഹതയില്ല.
1.5.2013-നു മുൻപോ 31.7.2015-നു ശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ടുദിവസങ്ങളും ഉൾപ്പെടെ). പട്ടികവിഭാഗക്കാർക്കും ഒ.ബി.സി.ക്കാർക്കും ഈ പ്രായപരിധി ബാധകമാണ്. അപേക്ഷാർഥികൾ, പ്രവേശനംതേടുന്ന ജില്ലയിൽ താമസിക്കുന്നവരായിരിക്കണം.
സംവരണം
ഓരോ വിദ്യാലയത്തിലും 80 പേർക്ക് പ്രവേശനം നൽകും. ഓരോ ജില്ലയിലെയും വിദ്യാലയത്തിൽ 75 ശതമാനം സീറ്റ് ആ ജില്ലയിലെ ഗ്രാമീണമേഖലകളിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ബാക്കി സീറ്റ് ഓപ്പൺ സീറ്റാണ്. അവ, ജില്ലയിലെ ഗ്രാമീണ, നഗര പ്രദേശക്കാർക്കായി മെറിറ്റ് അടിസ്ഥാനമാക്കി നൽകും.
ഗ്രാമീണമേഖലയിലുള്ള സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്കൂളുകളിൽ 3, 4, 5 ക്ലാസുകളിൽ അക്കാദമിക് വർഷം മുഴുവൻ പഠിച്ചവരെമാത്രമേ ഗ്രാമീണമേഖലാ സംവരണ സീറ്റിലേക്ക് പരിഗണിക്കൂ. 3, 4, 5 ക്ലാസുകളിൽ, ഒരു ദിവസമെങ്കിലും നഗരപ്രദേശത്തെ സ്കൂളിൽ പഠിച്ചവരെ നഗരപ്രദേശ വിദ്യാർഥിയായേ കണക്കാക്കൂ. മൊത്തം സീറ്റിന്റെ മൂന്നിലൊന്ന് പെൺകുട്ടികൾക്കാണ്. പട്ടിക വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണമുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേകസംവരണമില്ല. അവരെ സംവരണത്തിനായി ആൺകുട്ടികളുടെ വിഭാഗത്തിൽ പരിഗണിക്കും.
ഒ.എം.ആർ. അധിഷ്ഠിത രീതിയിൽ നടത്തുന്ന ജെ.എൻ.വി. സെലക്‌ഷൻ ടെസ്റ്റ് രണ്ടുഘട്ടങ്ങളിലായി നടത്തും. കേരളം ഉൾപ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും/പ്രദേശങ്ങിലെയും ടെസ്റ്റ് ജനുവരി 18-ന് രാവിലെ 11.30 മുതൽ 1.30 വരെയായിരിക്കും. മറ്റു ചില പ്രദേശങ്ങളിലേത് ഏപ്രിൽ 12-ന് രാവിലെ 11.30 മുതൽ 1.30 വരെയും നടത്തും. സമയക്രമം പ്രോസ്പെക്ടസിൽ ലഭിക്കും. മെന്റൽ എബിലിറ്റി ടെസ്റ്റ് (40 ചോദ്യങ്ങൾ, 50 മാർക്ക്, 60 മിനിറ്റ്), അരിത്‌മറ്റിക് ടെസ്റ്റ് (20, 25, 30), ലാംഗ്വേജ് ടെസ്റ്റ് (20,25, 30) എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഇല്ല.
കേരളത്തിൽ പരീക്ഷയെഴുതുന്നവർക്ക് ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലെ ചോദ്യപ്പേപ്പർ ലഭ്യമാക്കും. ഏതു ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. വിശദാംശങ്ങൾ, മാതൃകാ ചോദ്യപ്പേപ്പറുകൾ എന്നിവ പ്രോസ്പെക്ടസിൽ/വെബ്സൈറ്റിൽ ലഭിക്കും.