ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു

വികസന പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ല. തദ്ധേശ സ്വയം ഭരണസ്ഥാപനങ്ങളിൽ ഭരണ പക്ഷവും പ്രതിപക്ഷവും ഇല്ലാതെ വികസന പ്രവർത്തനങ്ങൾക്ക് ജനപക്ഷത്തു നിന്ന് പ്രവർത്തിക്കണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷനിൽ വെങ്കിടങ്ങിൽ അൽ ബസ്റ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 10 പദ്ധതികളുടെ ഉദ്ഘാടനവും പുതിയ 14 പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ മണ്ണന്ത്ര അമ്പലനട റോഡ്, 7-ാം വർഡിൽ മിനി ഹാൾ, എളവള്ളി ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡിൽ സാംസ്കാരിക നിലയം, 2 വനിത ഫിറ്റ്നസ് സെൻ്റെറുകൾ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ 6-ാം വാർഡിൽ 46-ാം അങ്കണവാടി, വനിതാ വ്യവസായ കേന്ദ്രം, ഒമ്പതാം വാർഡിൽ മിനി കമ്മ്യൂണിറ്റി ഹാളിൻ്റെ നിർമ്മാണം, മുല്ലശ്ശേരി ഡിവിഷനിലെ മൂന്ന് പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിൽ 6 മിനി മാസ്സ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ എന്നിവർ മുഖ്യാതിഥികളായി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ, എളവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആൻ്റണി, ധന്യ സന്തോഷ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.