സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത പദവിലേക്ക്
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ ഗ്രന്ഥശാലകൾക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്നും വിജ്ഞാനകേന്ദ്രങ്ങളെന്ന പോലെ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി ഗ്രന്ഥശാലകൾ മാറണമെന്നും വി. കെ. മധു പറഞ്ഞു
![സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത പദവിലേക്ക്](https://akshayanewskerala.in/uploads/images/202502/image_870x_67b0ab83890c8.jpg)
തിരുവനന്തപുരം : ഹരിത പെരുമാറ്റച്ചട്ടം പാലിച്ചും മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ പങ്കാളികളായും സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത ഗ്രന്ഥശാലകളായി മാറുന്നു. ഇതിനു മുന്നോടിയായി സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിലുള്ള താലൂക്ക്-ജില്ല-സംസ്ഥാന തലങ്ങളിലെ ഗ്രന്ഥശാല പ്രതിനിധികളെ പങ്കെടുപ്പിച്ച് തൃശൂർ മുളങ്കുന്നത്തുകാവിലെ കില ആസ്ഥാനത്ത് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർമാർ, ശുചിത്വ മിഷൻ ജില്ല അസിസ്റ്റന്റ് കോർഡിനേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടെ 110 പേർ ശിൽപശാലയിൽ പങ്കെടുത്തു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല സംഘവും കിലയും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി. കെ. മധു ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ ഗ്രന്ഥശാലകൾക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്നും വിജ്ഞാനകേന്ദ്രങ്ങളെന്ന പോലെ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി ഗ്രന്ഥശാലകൾ മാറണമെന്നും വി. കെ. മധു പറഞ്ഞു. നവകേരളം കർമപദ്ധതി സംസ്ഥാന അസി. കോർഡിനേറ്റർ ടി. പി. സുധാകരൻ ചടങ്ങിൽ അധ്യക്ഷനായി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹരിതകേരളം മിഷൻ പ്രോജക്ട് ഓഫീസർമാരായ പി. അജയകുമാർ, വി. രാജേന്ദ്രൻ നായർ, യംഗ് പ്രൊഫഷണൽ സൂര്യ എസ്. ബി. എന്നിവർ ശിൽപശാല സെഷനുകളിൽ അവതരണങ്ങൾ നടത്തി.
ഹരിത ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിൽ ഹരിത പ്രോട്ടോക്കോൾ നടപ്പാക്കൽ, പ്രാദേശികമായി നടത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗ്രന്ഥശാലയ്ക്കടുത്തുള്ള പൊതു ഇടങ്ങളുടെ സൗന്ദര്യവൽക്കരണം, ഗ്രന്ഥശാലാ പ്രവർത്തകരുടെ വീടുകൾ ഹരിത മാതൃകയാക്കൽ തുടങ്ങിയവ മുൻനിർത്തിയാണ് ഹരിത ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ പൂർണ്ണമായും നടപ്പാക്കുന്ന ഗ്രന്ഥശാലകളെ ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിലയിരുത്തി ഹരിത ഗ്രന്ഥശാല സാക്ഷ്യപത്രം നൽകും. ഇതിന്റെ ഭാഗമായി ഫെബ്രുവരി മൂന്നാം വാരത്തിൽ ജില്ലാതല പരിശീലനവും മാർച്ച് മാസം താലൂക്ക്-ഗ്രന്ഥശാല ശിൽപശാലയും സംഘടിപ്പിക്കും. ഗ്രന്ഥശാലകൾ സംഘടിപ്പിക്കുന്ന ക്ലാസുകൾക്ക് പുറമേ വീട്ടുമുറ്റ ക്ലാസുകളും നടത്തും.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് ക്ലാസുകൾ വ്യാപിപ്പിക്കും. 2025 മാർച്ച് 30-നകം സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാല പദവിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.