വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ 'കതിര്' പദ്ധതി; ജൂണ്‍ 5ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിദ്യാര്‍ത്ഥികളെ കാര്‍ഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്കും കൂടുതല്‍ അടുപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 'കതിര്' ( കേരള അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ഹെറിറ്റേജ് ആന്‍ഡ് ഇന്നൊവേഷന്‍ ഫോര്‍ റൂറല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ്) പദ്ധതിക്ക് തുടക്കമിടുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 5ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അങ്കണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ' ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026' എന്ന സമഗ്ര കാര്‍ഷിക യജ്ഞവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. മികച്ച കുട്ടിക്കര്‍ഷകരെയും മാതൃകാ കര്‍ഷകരെയും ചടങ്ങില്‍ ആദരിക്കുമെന്ന് നിയമസഭാ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മുഖ്യതിഥിയായി പങ്കെടുത്ത് ചടങ്ങില്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ വകുപ്പ് മന്ത്രിമാര്‍, എംഎല്‍എ മാര്‍, കര്‍ഷകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം തലസ്ഥാനത്തെ അഞ്ച് വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ഹരിത സംഗമത്തില്‍ പങ്കാളിയാകും. ഇതേസമയത്തു തന്നെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃഷി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ നടും. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികള്‍ നേരിടുന്നതിനുള്ള കാര്‍ഷിക ഹരിത പ്രതിരോധത്തിന്റെ ഭാഗമായാണ് കതിര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും. ഓരോ ക്ലബ്ബിനും നേതൃത്വം നല്‍കാന്‍ നോഡല്‍ അധ്യാപകരെ നിയോഗിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌കൂള്‍തല സമിതികളും രൂപീകരിക്കും. വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. 'പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാലാവസ്ഥയ്ക്കും ഭാവിക്കുമായി പ്രവര്‍ത്തിക്കുക' എന്ന ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷയും കാര്‍ഷിക സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള വിപുലമായ ജനകീയ ഇടപെടലായിരിക്കും ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.


