കോഴിക്കോട് എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ
നാദാപുരത്തിനടുത്ത് പേരോട് കാറിൽ കടത്തുകയായിരുന്ന 32 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ
നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് പേരോട് കാറിൽ കടത്തുകയായിരുന്ന 32 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. കോഴിക്കോട് താമസിക്കുന്ന വയനാട് സ്വദേശിയായ തയ്യിൽ മുഹമ്മദ് ഇജാസ്, വയനാട് കമ്പളക്കാട് പുതിയ വീട്ടിൽ അഖില (26) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പേരോട് വാഹനപരിശോധനക്കിടയിലാണ് നാദാപുരം എസ്.ഐ അനിഷ് വടക്കേടത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
പേരോട് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതും ഇവരുടെ വാഹനത്തിൽ പരിശോധന നടത്തിയതും. എം.ഡി.എം.എയും തൂക്കി നൽകാനുള്ള ഉപകരണവും കണ്ടെടുത്തു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ മുഹമ്മദ് ഇജാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.