തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: 10,000 ത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു

വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്റ്സ്

Oct 7, 2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: 10,000 ത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
VEENA GEORGE MIISTER

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 - POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്റ്സ് പോർട്ടലിലൂടെ (http://posh.wcd.kerala.gov.in) 10,307 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്. ഇതിൽ 5,440 സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചു. മേഖല അടിസ്ഥാനത്തിൽ ആക്ട് സംബന്ധിച്ച ബോധവത്ക്കരണം നൽകും. എല്ലാ സ്ഥാപനങ്ങളിലും നിയമാനുസൃത കമ്മിറ്റികൾ രൂപീകരിക്കാൻ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്സ് പോർട്ടൽ സജ്ജമാക്കിയത്. 10 ജീവനക്കാരിലധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണൽ കമ്മിറ്റി നിലവിലുണ്ടായിരിക്കേണ്ടതാണ്.

പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) തൊഴിലിടങ്ങളിലെ സ്ഥാപന മേധാവികൾ / തൊഴിലുടമകൾ എന്നിവർ അവരുടെ ഇന്റേണൽ കമ്മിറ്റി വിവരങ്ങൾ, ഇന്റേണൽ കമ്മിറ്റിയിൽ ലഭിച്ച പരാതികളുടെ എണ്ണം, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ നൽകണം. പത്തിൽ താഴെ ജീവനക്കാരുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർ കളക്ടറേറ്റിലെ ലോക്കൽ കമ്മിറ്റിയിൽ സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കൽ കമ്മിറ്റി വിവരങ്ങൾ, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ അതാതു ജില്ലാ കളക്ടർ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഉദ്യോഗസ്ഥ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. സ്ഥാപന മേധാവികൾ/ തൊഴിലുടമകൾക്കെതിരായ പരാതിയാണെങ്കിൽ അത് ലോക്കൽ കമ്മിറ്റിയിൽ നൽകണം.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ആവിഷ്‌ക്കരിച്ചത്. ഏതൊക്കെ സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ലെന്ന് അറിയാൻ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ എല്ലാ ഇന്റേണൽ കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും വകുപ്പിന് സാധിക്കും. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും കഴിയും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.