പ്രണയപ്പക: വിഷ്ണുപ്രിയയെ കുത്തിക്കൊന്ന കേസിൽ വിധി ഇന്ന്
തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് വിധി പറയുക.
തലശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്താൽ കണ്ണൂർ കൂത്തുപറമ്പിനടുത്ത് വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്താണ് (27) കേസിലെ പ്രതി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് വിധി പറയുക.2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും അതിവേഗം പൂർത്തിയാക്കിയ കേസാണിത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ്, 2023 സെപ്റ്റംബർ 21ന് കേസിന്‍റെ വിചാരണ തുടങ്ങി. കേസിൽ 73 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയിരുന്നു.