ജോലിഭാരത്തില്‍നിന്ന് തത്കാലത്തേക്കുള്ള മോചനം; വനിതാ എ.എസ്.ഐ.മാര്‍ തായ്ലാന്‍ഡിലേക്ക്
ജൂണ്‍ 10-ന് രാവിലെ 30 വനിതാ എ.എസ്.ഐ.മാര്‍ തായ്ലന്‍ഡില്‍ വിമാനമിറങ്ങി.
തിരുവനന്തപുരം : ജോലിഭാരത്തില്‍നിന്ന് തത്കാലത്തേക്കുള്ള മോചനം. 30 വനിതാ എ.എസ്.ഐ.മാര്‍ ഈ ചിന്തയില്‍ തായ്ലാന്‍ഡിലേക്കാണ് പോയത്. പുതിയ രാജ്യത്തെ കാഴ്ചകള്‍ തുടര്‍ജോലിക്ക് ഇന്ധനമാകും. ജോലിഭാരത്തില്‍നിന്ന് തത്കാലത്തേക്കുള്ള മോചനവും ലക്ഷ്യമായിരുന്നു.കേരള വനിതാ പോലീസില്‍ ഇത് പുതുചരിത്രവുമായി. ഇത്രയുംപേര്‍ ചേര്‍ന്നുള്ള ആദ്യ വിദേശവിനോദയാത്രയായിരുന്നു.
2003 ബാച്ചില്‍ കേരള പോലീസില്‍ ചേര്‍ന്നതാണിവര്‍. ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍. ജൂണ്‍ 10-ന് രാവിലെ സംഘം തായ്ലന്‍ഡില്‍ വിമാനമിറങ്ങി. രണ്ടാം ദിവസം പട്ടായ. നാലാം ദിവസം ബാങ്കോക്ക്. അഞ്ച് ദിവസത്തെ വിനോദയാത്രയായിരുന്നു.എല്ലാവരും നേരത്തെ തന്നെ സൗകര്യപ്രദമായ ദിവസം കണ്ടുപിടിക്കുകയായിരുന്നു. മേലധികാരികളെ വിവരം അറിയിച്ചു. യാത്രയുടെ വിശദമായ വിവരങ്ങള്‍ കൈമാറി. വിദേശയാത്രയ്ക്ക് പോലീസ് ആസ്ഥാനത്തുനിന്നാണ് അനുമതി ലഭിച്ചത്. പാക്കേജ് ടൂറില്‍ കോ-ഓര്‍ഡിനേറ്ററായി തായ്ലാന്‍ഡില്‍ ഒരു മലയാളിയും ഉണ്ടായിരുന്നു.സ്വന്തം ചെലവിലാണ് എല്ലാവരും പോയത്. 'ഒത്തിരി ഒത്തിരി ഹാപ്പി' എന്നാണ് സംഘാംഗങ്ങള്‍ യാത്രയെക്കുറിച്ച് പ്രതികരിച്ചത്. യാത്രക്കിടയില്‍ ഇന്ത്യന്‍ഭക്ഷണം കിട്ടിയതിനാല്‍ ഒരു പ്രശ്നവും ഉണ്ടായില്ല. രണ്ട് സംഘാംഗങ്ങളുടെ മക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.ഇവരില്‍ 25 പേര്‍ രണ്ടുവര്‍ഷംമുമ്പ് കശ്മീര്‍യാത്ര നടത്തിയിരുന്നു. കേരളം വിട്ടുള്ള ആദ്യ ട്രിപ്പ് അതായിരുന്നു. കടല്‍കടന്നുപോകണമെന്ന ആഗ്രഹം അന്ന് തുടങ്ങിയതാണ്