മൂന്നാറിൽ കാട്ടാന ആക്രമണം: രണ്ടു തൊഴിലാളികള്‍ക്കു പരിക്ക്
മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ എംജി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആനയുടെ കൊമ്പുകൊണ്ടാണ് ശേഖറിന് പരിക്കേറ്റത്. കാലൊടിയുകയും ചെയ്തു. ശേഖറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഴകമ്മയ്ക്ക് വീണു പരിക്കേറ്റത്.
പഞ്ചായത്തിന്റെ കീഴില്‍ ദിവസവേതാനടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന തൊഴിലാളികളാണ് ഇവർ. പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ എട്ടോടെ മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലുള്ള മാലിന്യസംസ്കരണ കേന്ദ്രത്തിലായിരുന്നു സംഭവം. രാവിലെ എത്തി ജോലി ആരംഭിച്ചപ്പോള്‍ തന്നെ കാട്ടാന തൊട്ടുമുന്നില്‍ എത്തുകയായിരുന്നു.കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരിക്കേറ്റതിനെത്തുടര്‍ന്ന് മറയൂരിലെ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ഇന്നലെ നാട്ടുകാര്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിലും വനംവകുപ്പും സര്‍ക്കാരും മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.