സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
                                    തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്കു സാധ്യതയുള്ളതിനാൽ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            